ക്രിസ്മസ്
ഡിസംബർ മാസത്തിൽ അച്ഛൻ വീട്ടില്‍ കൊണ്ട് വന്ന് തൂക്കിയിരുന്ന ഒരു ചുവന്ന നക്ഷത്രത്തിന്റെ ഓര്‍മ്മയാണ് വീട്ടിലെ എന്റെ ക്രിസ്മസ്. പണി കഴിഞ്ഞ് വരും വഴി കാട്ടൂരങ്ങാടീന്ന് അത് വാങ്ങി സൈക്കിൾ കൊട്ടയില്‍ ഇട്ട് കൊണ്ട് വരും. വീട്ടില്‍ വന്ന് അത് നിവർത്തി വീടിന്റെ ഇടത്തേ മൂലയില്‍ കൊളുത്തി ഇടും. രാത്രിയില്‍ ആ ചുവപ്പ് നക്ഷത്രത്തിന് ശോഭ കൂട്ടാൻ പാകത്തില്‍ അതിന്റെ നടുക്ക് ഒരു സീറോ ബള്‍ബും കൂടി ഉണ്ടാകും. മിക്കവാറും എല്ലാ വര്‍ഷവും അച്ഛൻ ആ സെയിം ഡിസൈനില്‍ ഉള്ള റെഡ് കളർ സ്റ്റാർ മാത്രമേ വാങ്ങാറുള്ളൂ. ആ കളർ എങ്കിലും ഒന്ന് മാറ്റി വാങ്ങാന്‍ പല തവണ ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അച്ഛൻ അത് മാത്രമേ വാങ്ങി വരാറുള്ളൂ. പിന്നെ ഞങ്ങള്‍ വലുതായപ്പോളാണ് ആ ചുവപ്പ് മാറി നക്ഷത്രത്തിന് മറ്റ് കളർ വരാൻ തുടങ്ങിയത്. ക്രിസ്മസ് ട്രീയും പുൽക്കൂടുമൊന്നും കെട്ടുന്ന പതിവ് അന്നും ഇല്ല ഇന്നും ഇല്ല. ഒരു തവണ എങ്കിലും ക്രിസ്മസിന് അതൊക്കെ ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. അടുത്ത തവണ ആവട്ടെ അപ്പൊ നോക്കാം എന്ന് പറഞ്ഞു അത് മാറ്റി വെക്കലാണ് പതിവ്. പിന്നെ അന്നൊക്കെ ക്രിസ്മസ് സമയത്ത് ആരേലും വീട്ടില്‍ വിരുന്ന് വന്ന ഒരു പ്ലം കേക്ക് കൊണ്ട് വരും. അതാണ് അന്നത്തെ ക്രിസ്മസ് കേക്ക്. ആ സമയത്തൊന്നും പിറന്നാളിന് പോലും ക്രീം കേക്ക് ഒന്നും മുറിച്ച ഓര്‍മ്മയില്ല.
സ്കൂളിലും സലീം മാഷേ അൽ-നൂർ ട്യൂഷൻ സെന്ററിലും ക്രിസ്മസ് ഫ്രണ്ടിനെ തെരെഞ്ഞെടുക്കും. ക്രിസ്മസ് അവധിക്ക് സ്കൂൾ ഒക്കെ പൂട്ടിയാൽ തൊട്ടടുത്ത ദിവസം നമ്മൾ അയൽ പക്കത്തെ പിള്ളേര് സെറ്റ് എല്ലാരും ചേര്‍ന്നും ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുയ്ക്കുമായിരുന്നു. പ്രമീളേച്ചീടെ വീട്ടില്‍ എല്ലാരും ഒത്തു ചേര്‍ന്ന് ചീട്ടുകളിൽ പേര് എഴുതി ഒരു പാത്രത്തിൽ ഇട്ട് കുലുക്കി ഓരോരുത്തരും ഓരോ ചീട്ട് എടുക്കും. സ്കൂളിലോ ട്യൂഷൻ സെന്ററിലോ അയൽ പക്കത്തോ എവിടെയായാലും കിട്ടിയ ഫ്രണ്ട് ആരാണെന്ന് ഒളിച്ച് വെക്കാൻ ഉള്ള കഴിവ് എനിക്ക് ഉണ്ടായില്ല. എന്നോട് ചോദിക്കുന്നവരോട് അറിയാതെ ആണെങ്കിലും ഞാൻ അത് പറഞ്ഞ് പോകും. എന്നാൽ എന്റെ കുറച്ച് കൂട്ടുകാർ ഉണ്ട് തല പോയാലും അന്നത്തെ ദിവസം അല്ലാതെ ഫ്രണ്ട് ആരാണെന്ന് പറയില്ലാർന്നു അവർ. അല്ലേലും ഈ രഹസ്യങ്ങളൊക്കെ സൂക്ഷിക്കാനും വേണം ഒരു കഴിവ്. ആ അത് അവിടെ നിക്കട്ടെ, ബാക്കി പറയാം. ട്യൂഷൻ സെന്ററിൽ സലീം മാഷിന് നമ്മളെ ഫ്രണ്ട് ആയി കിട്ടിയാൽ കോളാണ്. മാഷ് ഗിഫ്റ്റ് പൊതിയുന്നത് തന്നെ ഒരു പ്രത്യേക രീതിയിലാണ്. മാഷ്ടെ ആ ഗിഫ്റ്റ് ബോക്സിൽ ഉറപ്പായും നല്ലോരു പേനയും ഡയറിയും കാർഡും മിഠായി ഇനത്തില്‍ ഡയറി മില്‍ക്കോ മഞ്ചോ കിറ്റ് ക്യാറ്റോ എന്തേലും ഒരു ഗിഫ്റ്റ് ഐറ്റമോ ഒക്കെ കാണും. ഒരു തവണ എനിക്ക് അത് കിട്ടിയിട്ടുണ്ട്. പിന്നെ ഒരു കേക്ക് മുറി പതിവ് കൂടി ഉണ്ട്. സ്കൂളില്‍ ആണേൽ പുൽക്കൂടും ട്രീയും ചെറിയ ഡെക്കറേഷൻസുമൊക്കെ കാണും. അന്നും ഉണ്ട് ഈ ചുവപ്പും വെളുപ്പും കളർ ഡ്രസ്സ് ഒക്കെ ഇട്ട് വരുന്ന പതിവ്. അന്നൊക്കെ എന്ത് രസമായിരുന്നു. ചുറ്റിനും കള്ളമില്ലാത്ത എത്ര മനുഷ്യരായിരുന്നു. ഓണത്തിന് പട്ടുപാവാട ക്രിസ്മസിന് ചോപ്പോ വെള്ളയോ ഉള്ള ഉടുപ്പ് അങ്ങനെ അങ്ങനെ പുറമേക്ക് ഓരോ ആഘോഷങ്ങള്‍ക്കും ഓരോരോ നിറങ്ങളും രീതികളുമൊക്കയാണെന്ന് നമുക്ക് തോന്നും.എങ്കിലും ആഘോഷങ്ങള്‍ക്കെല്ലാം ഒറ്റ നിറമേയുള്ളൂ അത് സ്നേഹത്തിന്റെ... ഒരുമയുടെ... നന്മയുടെ നിറമാണ്.... ❤️
Comments
Post a Comment