കലാപ്പൂരം

കലോത്സവം എന്നും ഒരു ലഹരിയായിരുന്നു. പഠിക്കുന്ന കാലത്തൊക്കെയും സ്കൂളില്‍ നിന്നും മത്സരിക്കാൻ പോയിട്ടുണ്ട്. അധികവും ഓഫ് സ്റ്റേജ് ഇനങ്ങൾ ആയിരുന്നു. . ഇന്നത്തെ  പോലെ മക്കളെ നല്ലോരു ഗുരുവിന് കീഴില്‍ ചേർത്ത് കലയഭ്യസിപ്പിയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി ഒന്നും അന്നത്തെ പല രക്ഷിതാക്കൾക്കും ഉണ്ടായിരുന്നില്ല. അക്കൂട്ടത്തിൽ പെട്ടവരായിരുന്നു ഞാനും എന്റെ പാരൻസും. അതോണ്ട് തന്നെ ഉപജില്ലാ കലോത്സവം വരെ ഒക്കെ എത്താനേ സാധിച്ചിട്ടുള്ളൂ. അതിന്റെയെല്ലാം സർട്ടിഫിക്കറ്റ്സ് ഇപ്പഴും ഒരു നിധി പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അന്നത്തെ ആ മത്സരാവേശം ഇന്നും മനസ്സിലുണ്ട്. മോളെ ഒരു ഗവണ്മെന്റ് സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കണം എന്ന ആഗ്രഹം പോലും ഉരുത്തിരിഞ്ഞത് അങ്ങനെയൊരു വല്ല്യ വേദിയിൽ അവളെ കാണാൻ കൊതിച്ചാണ്. പക്ഷേ അവളുടെ സ്കൂളില്‍ നിന്നുണ്ടായ ചില മോശം അനുഭവങ്ങളുടെ ഭാഗമായി പെട്ടെന്നൊരു സുപ്രഭാതത്തില്‍ അവളെ സ്കൂൾ മാറ്റി ഒരു പ്രൈവറ്റ് സ്കൂളിൽ ചേർത്തേണ്ടി വന്നു. ഇപ്പഴും ഒരു അഞ്ചാം ക്ലാസ് വരെ അവിടെ പഠിപ്പിച്ച് പിന്നെ നേരെ ഒരു ഗവണ്‍മെന്റ് സ്കൂളിൽ തന്നെ ചേര്‍ക്കണം എന്നാണ് ആഗ്രഹിക്കുന്നത്.

                      കല ദൈവീകമായൊരു അനുഗ്രഹമാണ്. അത് കണ്ടെത്തി പരമാവധി പ്രോത്സാഹനം കൊടുക്കാൻ കഴിഞ്ഞാല്‍ നമ്മുടെ മക്കള്‍ ഓരോരുത്തരും മാനസികമായി ഏറ്റവും സന്തോഷം കണ്ടെത്തുന്നത് ആ കലയിലായിരിക്കും. ഇന്നും നല്ലോരു പാട്ട് കേട്ടാലോ ഡാൻസ് കണ്ടാലോ പ്രസംഗം കേട്ടാലോ അഭിനയം കണ്ടാലോ ഒക്കെ എന്റെ കണ്ണും മനസ്സും ഒരുപോലെ നിറയും. ഞാന്‍ ഇതിലൊന്നും പരിശീലനം നേടിയിട്ടുള്ള ടെക്നിക്കല്‍ നോളജ് ഉള്ള ഒരാളൊന്നുമല്ല. ഏതൊരു കലയും നന്നായി ആസ്വദിക്കാന്‍ കഴിയുന്നൊരു മനസ്സ് എനിക്ക് ഉണ്ട്. അത് കൊണ്ട് തന്നെ അതിനു പുറകില്‍ ഒരു കലാകാരന്‍ എടുക്കുന്ന എഫേര്‍ട്ട്   എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയാറുണ്ട്. എത്ര വലിയ സങ്കടങ്ങളെയും അലിയിച്ചു കളയാൻ പാകത്തില്‍ എന്തോ ഒന്ന് എല്ലാ കലകളിലും ഉണ്ട്. അത് കൊണ്ട്‌ തന്നെ സ്കൂൾ കോളേജ് കാലത്തിനിപ്പുറത്തും ഇത്തരം കലോത്സവങ്ങൾ  കാണാന്‍ കിട്ടുന്ന അവസരങ്ങൾ ഒന്നും പഴക്കാറില്ല.

           ഞാൻ കോളേജിൽ പഠിക്കുന്ന കാലത്തായിരുന്നു ഒരു തവണ  സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂർ നടന്നത്. അന്ന് കൂട്ടുകാര്‍ക്കൊപ്പം ക്ലാസ് കട്ട് ചെയ്താണ് അത് കാണാന്‍ പോയത്. പിന്നീട് പലപ്പോഴും ഇരിഞ്ഞാലക്കുടയിൽ ജില്ലാ തല കലോത്സവങ്ങൾ വന്നപ്പോള്‍ പോയി കണ്ടിട്ടുണ്ട്. മോള് വന്നേ പിന്നെ അവളെ കൊണ്ട്‌ പോയി കാണിക്കും. അതൊക്കെ കണ്ടു കേട്ടും അറിഞ്ഞും അവളും ആസ്വാദിക്കട്ടേന്നേ. കാണാൻ ഏറെ ഇഷ്ടം നാടകവും സംഘ നൃത്തവും നാടോടി നൃത്തവുമൊക്കയാണ്. നിറഞ്ഞ വേദിയിൽ എത്ര ആത്മവിശ്വാസത്തോടെയാണ് മക്കള്‍ ഓരോരുത്തരും പെർഫോം ചെയ്യുന്നത്. അതിനവരെ പ്രാപ്തരാക്കുന്ന അധ്യാപകര്‍ രക്ഷിതാക്കള്‍ കൂട്ടുകാർ എല്ലാവരുടെയും പങ്ക് എടുത്ത് തന്നെ പറയണം. ഒരു നീണ്ട കാലത്തെ അവരുടെ പരിശീലനവും കാത്തിരിപ്പും തിങ്ങി നിറഞ്ഞ സദസ്സിന് മുമ്പിൽ അവതരിപ്പിക്കപ്പെടുന്ന ആ നിമിഷത്തിൻ്റെ സന്തോഷവും സംതൃപ്തിയും അഭിമാനവും ഒന്ന് വേറെ തന്നെയാണ്. പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത വിധം ഒരുപാട്‌ ഫീലിംഗ്സ് മനസ്സിൽ വന്ന് നിറയും. മനസ്സ് നിറഞ്ഞ കൈയടികളോടെ വേദി വിട്ട് ഇറങ്ങുന്ന ആ മക്കളെ കാണുമ്പോ അഭിമാനം തോന്നി പോകും. നേരില്‍ കണ്ടു പലരെയും അഭിനന്ദിയ്ക്കാനും ശ്രമിക്കാറുണ്ട്.

              ഇനി അടുത്ത കലോത്സവ കാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്... ഇത്തവണത്തെ കനക കലാ കിരീടം നേടിയ കണ്ണൂരിന്റെ പൊന്നു മണികള്‍ക്ക് അഭിനന്ദനങ്ങള്‍ ...🏆  ഒപ്പം മത്സരിച്ച എല്ലാ മക്കൾക്കും അവരെ ഒരുക്കിയ അണിയറയിലെ എല്ലാ സുമനസ്സുകൾക്കും സ്നേഹാശംസകൾ... 🫂 നിങ്ങൾ എല്ലാം സൂപ്പറാന്നേ👌 കലോത്സവ കാലത്തിനപ്പുറത്തേയ്ക്കും കലയെ സ്നേഹിക്കുന്ന നല്ല കലാകാരന്മാരായിരിയ്ക്കാൻ എന്നും നിങ്ങള്‍ക്ക് കഴിയട്ടെ. 🙌

 #schoolkalolsavam
#state
#school
#trophy
#kannur
#thrissurkaran
#stage

Comments

Popular posts from this blog

നാം നടന്ന കാലം

അമ്മയോർമ്മകൾ