ഒരു സ്കൂൾ യാത്ര
ചെറുപ്പം മുതലേ തന്നെ മിക്കവാറും എല്ലാ വര്‍ഷവും സ്കൂൾ ടൂറിന് പോകാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്.ഡിഗ്രീ വരെയും അത് മുടങ്ങിയിട്ടില്ല. പീജിയ്ക്ക് അക്കാദമിയിലെ യാത്ര സമയത്ത് അച്ഛന്‍ മരിച്ച് ഞാൻ വീട്ടില്‍ ആയിരുന്നു എന്നാണ് ഓര്‍മ്മ.
യാത്ര ചെയ്യാൻ പണ്ട് മുതല്‍ക്കേ ഒരുപാട് ഇഷ്ടമായിരുന്നു. എന്നാൽ വീട്ടില്‍ നിന്ന് അങ്ങനെ ടൂർ ഒന്നും പോകുന്ന പതിവേ ഇല്ല. പിന്നെ പാപ്പന്‍ ഗൾഫിൽ നിന്ന് വന്നാൽ ഒന്ന് കടൽ കാണാന്‍ കൊണ്ട് പോകും അത്ര തന്നെ. പിന്നെ എന്റെ ഓര്‍മ്മ ശരി ആണെങ്കിൽ പണ്ട് പാലക്കാട് മേമേടെ വീട്ടില്‍ നിൽക്കാൻ പോയന്ന് അവിടെത്തെ അമ്മായിമാരുടേം മക്കളുടേം കൂടെ ഞാൻ ഒരു ട്രിപ്പ് പോയിട്ടുണ്ട്. ആ സ്ഥലം എവിടെയാണെന്ന് ഓര്‍മ്മയും ഇല്ല. അത് കൂടാതെ ഒരു തവണ പോട്ടോർ പോയ സമയത്ത് ആശമ്മായിയും മേമയും ഞങ്ങള്‍ പിള്ളേരും ഒക്കെ കൂടി പീച്ചി ഡാം കാണാന്‍ പോയിട്ടുണ്ട്. പിന്നെ ഉള്ളത് ഞങ്ങളുടെ ലൈഫിലെ ഏറ്റവും നല്ലോരു യാത്ര ആയിരുന്നു. Manesh Mohanan മനേഷ് ചേട്ടൻ ആണ് ആ യാത്രയുടെ അമരക്കാരൻ. വീട്ടില്‍ വന്ന അളിയന്മാരിൽ മനസ്സ് കൊണ്ട് നമ്മുടെ അതേ വൈബുള്ള ഒരാളാണ് മനേഷ് ചേട്ടൻ. അളിയാ നമുക്ക് അങ്ങോട്ട് പോയാലോ എന്ന് പറയുമ്പോഴേക്കും ആള് റെഡി ആണ്.അങ്ങനെ പോയ ഒരു യാത്രയാണ് നെല്ലിയാമ്പതിയിലേക്ക്. കസിൻസ് എല്ലാരും അന്ന് ആ യാത്രയില്‍ ഉണ്ടായിരുന്നു. അതുപോലെ ഒന്ന് ഇനി ഒരിക്കലും ഉണ്ടാക്കാൻ ഇടയില്ല. ജീവിതത്തിൽ പുതിയ പല മാറ്റങ്ങളും വന്നതോടെ എല്ലാവർക്കുമിടയിലെ ആ പഴയ സ്നേഹവും ഒരുമയുമൊക്കെ എവിടെയോ കൈമോശം വന്നു പോയി. ഇത്രേ ഉള്ളു ഫാമിലിയുമൊന്നിച്ചുള്ള എന്റെ യാത്രകൾ.
കുഞ്ഞ് നാൾ മുതലേ തന്നെ ഏത് ദൂരെ യാത്രകളിലും ശർദ്ധിയ്ക്കുന്ന പതിവ് എനിക്കുണ്ടായിരുന്നില്ല. അതോണ്ട് തന്നെ യാത്ര പോകാൻ പേടിയും ഉണ്ടായിരുന്നില്ല. രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസിലോ പഠിക്കുമ്പോ ആണെന്ന് തോന്നുന്നു സ്ക്കൂളില്‍ നിന്നും ആദ്യത്തെ ട്രിപ്പ് പോകുന്നത്. അന്ന് എന്നെ അതിനു പറഞ്ഞു വിട്ടതിനു മേമയ്ക്ക് ഒരുപാട് ചീത്തയും കേട്ടിട്ടുണ്ട്. ഇത്ര കുഞ്ഞു പ്രായത്തിൽ അങ്ങനെ ടൂർ ഒന്നും വിടണ്ടാന്ന് പറഞ്ഞിട്ട്. പക്ഷേ മേമ എല്ലാ വർഷവും ഞങ്ങളെ ടൂർ വിട്ടു. അങ്ങനെ പോയി പഠിച്ചത് കൊണ്ട് പിന്നീട് ഏത് സ്ഥലത്ത് പോകാനും ഇഷ്ടമാണ്. വഴികള്‍ ഒക്കെ ഓര്‍ത്തു വെക്കാൻ അങ്ങനെ പഠിച്ച് തുടങ്ങി. വീട്ടുകാർ ഇല്ലാതെ ഒറ്റക്ക് ഒരു സ്ഥലത്ത് പോയ എങ്ങനെ മാനേജ് ചെയ്യണം എന്നും പഠിച്ചു. അന്നത്തെ ആ യാത്രകളിലൂടെ അങ്ങനെ കുറെ നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.
അച്ഛന്റെ വണ്ടിയില്‍ അല്ലാതെ വീടിന് വെളിയില്‍ ഇറങ്ങി ഉടനെ ശർദ്ധിക്കുന്ന ആളാണ് എന്റെ മോള്. കുഞ്ഞായിരുന്ന സമയത്ത് അവളെയും കൊണ്ട് എവിടെയും പോകാൻ പറ്റില്ല. അത്രയ്ക്ക് ബുദ്ധിമുട്ടിയിട്ടുണ്ട്. അത് മാറാൻ വേണ്ടി സ്കൂളിൽ ചേര്‍ന്ന സമയത്ത് അവളെ ഞാൻ സ്കൂള്‍ ബസ്സില്‍ വിടാൻ തീരുമാനിച്ചു. നടന്ന് പോകാനുള്ള ദൂരമേയുള്ളു അന്നത്തെ അവളുടെ സ്കൂളിലേക്ക്. അങ്ങനെ ആ വണ്ടിയില്‍ പോയി പോയി ഇപ്പൊ ശർദ്ധിക്കുന്ന പതിവെക്കെ കുറഞ്ഞു. LKG യില്‍ അവര്‍ക്ക് ടൂർ ഉണ്ടായില്ല. അങ്ങനെ UKG യിലെ PTA മീറ്റിംഗിൽ ഇത്തവണ എന്തായാലും ടൂർ വേണം എന്ന ആവശ്യം ഞാൻ ഉന്നയിച്ചു. അങ്ങനെ കഴിഞ്ഞ വര്‍ഷം മോള് ആദ്യമായി സ്കൂളില്‍ നിന്ന് ടൂർ പോയി. അച്ഛൻ കുറെ പറഞ്ഞു വിടണോ? ശർദ്ധിക്കോ? നമ്മൾ ഇല്ലാതെ അവൾ ഒറ്റക്ക് നിക്കോ? കരയോ? അങ്ങനെ അച്ഛന് ഫുൾ ടെന്‍ഷന്‍ ആയിരുന്നു. അപ്പോഴും ഞാൻ ഉറച്ച് നിന്നു. എന്തായാലും അവൾ പൊക്കോട്ടെ. വീട്ടില്‍ നിന്ന് പോകുന്നത് പോലെ അല്ല കൂട്ടുകാരും ടീച്ചർമാരും ഒക്കെയായി പോകുന്നത് ഒരു വല്ലാത്ത ഫീൽ ആണ്. അത് അവള്‍ എക്സ്പീരിയൻസ് ചെയ്യണമെന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. നമ്മൾ അങ്ങനെ വല്ലാതെ പൊതിഞ്ഞു പിടിച്ചു വെക്കും തോറും അവർ വല്ലാതെ ഡിപ്പൻ്റഡ് ആയി പോകും. അതേതായാലും വേണ്ട, നമ്മുടെ മക്കള്‍ എല്ലാം കണ്ടും കേട്ടും അറിഞ്ഞും ആസ്വദിച്ചുമൊക്കെ വളരട്ടേന്നേ...🌞
Comments
Post a Comment