അമ്മയോർമ്മകൾ
അമ്മ ഇല്ലായ്മയുടെ കഠിനകഠോരമായ ഏഴാം വർഷമാണ്. കൂടെ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അമ്മയോളം അമ്മ മാത്രമേയുള്ളൂ... അമ്മ പോയതോടെയാണ് വീടും ഞങ്ങളും ശൂന്യമായി പോയത്. പിന്നീട് അങ്ങോട്ടൊന്നും പഴയ പോലായായിരുന്നില്ല..... ഏത് വേനലിലും അമ്മയൊരു തണലായിരുന്നെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയത് അവിടം മുതല്ക്കായിരുന്നു.
മക്കളെ ഒരുപാട് പുന്നാരിച്ച് വളർത്തിയ ഒരമ്മയായിരുന്നില്ല. എല്ലാ കാര്യത്തിലും അത്യാവശ്യം കാർക്കശ്യം കാണിച്ചിരുന്ന അസാമാന്യ ധൈര്യമുള്ള... എന്തും മുന്നില്‍ നിന്ന് ചെയ്യാൻ കരുത്തുള്ള... ആര്‍ക്കും എന്തും ചെയ്യാന്‍ മനസ്സുള്ള ഒരാൾ... അതായിരുന്നു ഞാൻ മനസ്സിലാക്കിയ അമ്മ... ഒരുപാട് പഠിച്ചിട്ടൊന്നുമില്ലെങ്കിലും വിദ്യാഭ്യാസത്തിന്റെ വിലയറിയുന്ന ആളായിരുന്നു. അതുകൊണ്ട് തന്നെ എന്റെ പഠനത്തിലും എന്നിലും എന്നെക്കാൾ പ്രതീക്ഷകളുണ്ടായിരുന്നു അമ്മക്ക്. പൈസയുടെ ബുദ്ധിമുട്ടുകൾ എന്ത് തന്നെ വന്നാലും എന്റെ എഴുത്ത്, വായന, പഠനം ഇതിനോട് ഒന്നും നോ പറയാതെ കൂടെ നിന്നിട്ടുണ്ട്.ആ പ്രതീക്ഷയ്ക്കൊത്ത് എവിടെയും എത്താനോ എന്തേലും നേടാനോ ഒന്നും എനിക്കും കഴിയാതെയും പോയി.
പൊതുവെ ഉള്ളിലെ സ്നേഹം പുറത്ത് കാണിക്കാൻ അറിയാത്ത ആളുകളായിരുന്നു അച്ഛനും അമ്മയും എന്ന് തോന്നിയിട്ടുണ്ട്. ഞങ്ങള്‍ പരസ്പരം ഒന്ന് കെട്ടി പിടിച്ച് ഒരു ഉമ്മ കൊടുത്തത് പോലും അങ്ങനെ എന്റെ ഓര്‍മ്മയില്‍ ഇല്ല. ഒന്നിച്ച് നിന്ന് എടുത്ത ഫോട്ടോകളും അധികമില്ല. ഇന്നോർക്കുമ്പോ അതൊക്കെയൊരു വലിയ നഷ്ടമായി തോന്നുന്നുണ്ട്. നന്നായി പാചകം ചെയ്യുന്ന ആളായിരുന്നു അമ്മ. എന്തുണ്ടാക്കിയാലും നാവില്‍ വെള്ളമൂറുന്ന അമ്മ രുചികളുടെ ഓര്‍മ്മ നാവിലിന്നുമുണ്ട്.
ഏത് വലിയ വേദനകളേയും അതിജീവിക്കാൻ പോന്ന മനക്കരുത്ത് ഉള്ള ആളായിരുന്നു. എത്ര വലിയ പ്രതിസന്ധികളോടും പോരാടനുള്ള അസാധ്യ ധൈര്യവും ജീവിതത്തിലുടനീളം കാണിച്ചിട്ടുണ്ട്. ക്യാൻസർ പോലും അമ്മയുടെ ആ മനോധൈര്യത്തിന് മുന്നില്‍ തല കുനിച്ച് പോയി കാണും. വയ്യാത്ത സമയത്ത് പോലും അമ്മ അത്രയ്ക്ക് ആക്ടീവായിരുന്നു. ഇപ്പഴും ഒരു കുഞ്ഞ് പനിയോ ജലദോഷമോ വന്നാൽ പോലും തളർന്ന് പോകുന്ന എനിക്കൊന്നും അമ്മ കടന്ന് പോയ ആ വേദനകളെ കുറിച്ച് ഓര്‍ക്കാന്‍ കൂടി കഴിയില്ല.
അമ്മയ്ക്ക് ജീവിത്തില്‍ അങ്ങനെ വലിയ ആഗ്രഹങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആകെ ആഗ്രഹിച്ചത് ചോരാതെ കിടന്ന് ഉറങ്ങാൻ പാകത്തില്‍ ഒരു വീട് വേണമെന്നായിരുന്നു. അതിനു വേണ്ടി ഒരുപാട് പരിശ്രമിച്ചു. പക്ഷേ ജീവനോടെ ഇരുന്ന സമയത്ത് അങ്ങനെ ഒന്ന് ഉണ്ടായി കാണാന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല. ഇന്ന് ഇപ്പൊ അച്ഛനും അമ്മയും അച്ഛമ്മയുമൊക്കെ ആഗ്രഹിച്ച പോലെ നമുക്കൊരു കുഞ്ഞ് വീടായി. പണികള്‍ ഇനിയും ബാക്കി ആണ്. പാർക്കാനാളില്ലാത്ത ആ വീട് കാണുമ്പോഴൊക്കെ ഉള്ളിലൊരു നീറ്റലാണ്. അമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ എല്ലാം കുറച്ച് കൂടി ഭംഗി ആയേനെ... ഇതിപ്പോ തിക്കും തിരക്കും ഒഴിഞ്ഞ് ഇരിക്കാൻ ഒരു ഇടം കിട്ടിയപ്പോഴേയ്ക്കും ഇറങ്ങേണ്ടി വന്ന യാത്രക്കാരെ പോലെ ആയില്ലേ എല്ലാം...
എന്തായാലും നമ്മളില്ലായ്മയിലും നമുക്ക് ചുറ്റുമുള്ളവർക്കിടയിൽ നമ്മൾ ഓര്ക്കപ്പെടുകയെന്നതൊരു വലിയ കാര്യമാണ്. അങ്ങനെ നോക്കിയാൽ അമ്മ ഭാഗ്യവതിയാണ്. ഇക്കാലമത്രയും അമ്മയെ അറിയുന്ന മനുഷ്യരിൽ പലരും സ്നേഹത്തോടെ അമ്മയെ കുറിച്ച് വാതോരാതെ സംസാരിച്ച് കണ്ടിട്ടുണ്ട്. 'ഉഷേടെ മകള്‍' എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ അടയാളപ്പെടുത്തലാണ്. എവിടെയായിരുന്നാലും ഭൂമിയില്‍ അമ്മക്ക് ഇല്ലാതെ പോയ സന്തോഷങ്ങളും സമാധാനവും കിട്ടട്ടെ എന്നൊരു പ്രാർത്ഥന മാത്രം.... ❤️🩹
Superb
ReplyDelete