മീന്‍ കഥ
കുട്ടിക്കാലം മുതൽക്കേ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു സംഗതി ആണ് മീന്‍. മീന്‍ കറി ആയാലും ഫ്രൈ ആയാലും നഹീന്ന് പറഞ്ഞ നഹി... പണ്ടൊക്കെ എല്ലാം കഴിച്ച് പഠിക്കണം എന്നും പറഞ്ഞോണ്ട് അമ്മ എന്നെ ചീത്ത പറയും. എന്നെ മാത്രമല്ല അനിയനേം. അവനും മീന്‍ തീരെ ഇഷ്ടമല്ല. മീന്‍ നന്നാക്കുന്ന മണം വന്ന തന്നെ ഞങ്ങള്‍ക്ക് രണ്ട് പേർക്കും എന്തോ പോലെ ആണ്. അമ്മ ചീത്ത പറഞ്ഞു പറഞ്ഞാണെന്ന് തോന്നുന്നു ഞാൻ ലാസ്റ്റ് ചെമ്മീന്‍ കഴിച്ച് ശീലിച്ചു. അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മീന്‍. അനിയന്‍ ദേ ഇപ്പഴും മീന്‍ കഴിക്കില്ല. അവന്‍ ഇന്നേ വരെ അതിന്റെ രുചി എന്താന്ന് പോലും നോക്കിയിട്ടില്ല.
ഇനി മീന്‍ വിരോധി ആയ ഞാൻ എങ്ങനെ മീനിനോട് സിങ്കായി എന്നതിലേക്ക് വരാം. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ല. എന്റെ ഹോസ്റ്റൽ ജീവിത കാലത്ത് ഗതികേട് കൊണ്ട് കഴിച്ച് തുടങ്ങിയതാ. അവിടെ ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം മീന്‍ ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ഒരു ദിവസം ചിക്കനും ഉണ്ടായിരുന്നു. ആദ്യം പറഞ്ഞ മീന്‍ ഉള്ള ഈ മൂന്ന് ദിവസം ചോറു കഴിക്കുന്നത് എനിക്ക് വല്യ ടാസ്ക് ആയിരുന്നു. കാരണം അതിന്റെ കൂടെ ഉള്ള ഒരു ഉപ്പേരിയോ മെഴുക്ക് പുരട്ടിയോ കിട്ടും. മിക്കവാറും അതും എനിക്ക് ഒട്ടും ഇഷ്ടം ഇല്ലാത്ത എന്തേലും ആകും. അങ്ങെനെ ആദ്യത്തെ കുറച്ച് നാളൊക്കൊ ഞാൻ വല്യ ജാഡ ഇട്ട് ചുമ്മാ എന്തേലും ഒന്ന് കഴിച്ചു എന്ന് വരുത്തി എണീറ്റു പോകും. പിന്നെ പിന്നെ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറഞ്ഞ പോലെ കൂടെ കിട്ടുന്ന കറിയേക്കാൾ നല്ലത് ആ മീന്‍ കറിയുടെ ചാറാണെന്ന നഗ്ന സത്യം ഞാൻ മനസ്സിലാക്കി. അങ്ങനെ ഗതികെട്ട പുലി പുല്ല് തിന്നാൻ തുടങ്ങി....ങ്ഹേ അത് അങനെ അല്ല ഗതികെട്ട ഞാൻ മീന്‍ ചാറ് കൂട്ടി ചോറു കഴിച്ചു തുടങ്ങി എന്ന്. അപ്പോഴും അതിലെ മീന്‍ കഷ്ണങ്ങൾ കൂട്ടുകാര്‍ക്ക് ആര്‍ക്കേലും കൊടുക്കും. പിന്നെ പതിയെ ഞാൻ അതും കഴിച്ച് തുടങ്ങി. അവധിക്ക് വീട്ടില്‍ വരുമ്പോള്‍ ഇതും പറഞ്ഞ് എന്നെ എല്ലാരും കളിയാക്കും. അച്ഛമ്മ പറയും "പാണാ... പാണാ...ഞാനും കൂട്ടും പാണാ ചേമ്പ്" എന്ന് പണ്ടുള്ളവര്‍ പറഞ്ഞ പോലെ എന്റെ മോള് ഇപ്പൊ ഒക്കെ കഴിച്ച് പഠിച്ച് തുടങ്ങി അല്ലെ എന്ന്.
മീന്‍ തിന്ന് പഠിച്ച ഞാൻ ആ സമയത്തൊന്നും അത് ക്ലീൻ ചെയ്യാനോ കുക്ക് ചെയ്യാനോ ഒന്നും പഠിച്ചില്ല. അതും പിന്നീട് അച്ഛമ്മയാണ് പഠിപ്പിച്ച് തന്നത്. അത് എന്തായാലും നന്നായി എന്ന് പിന്നീട് മനസ്സിലായി. വീട്ടില്‍ ഉള്ള രണ്ടെണ്ണത്തിനും മീന്‍ പച്ചക്ക് കൊടുത്ത പോലും തിന്നോളും. മീന്‍ എന്ന് പറഞ്ഞ അത് ഇപ്പൊ തിന്നാൻ ആണേലും ശരി വളർത്താൻ ആണേലും ശരി രണ്ടെണ്ണത്തിനും വല്യ ഇഷ്ടാ. അങ്ങനെ ഉള്ള അച്ഛന്റെം മോളുടേം അടുത്ത് എന്റെ മീന്‍ വിരോധം ഒന്നും നടപടി ആവില്ലാന്ന് മനസ്സിലായതോടെ ഞാനും മീനും അങ്ങോട്ട് സെറ്റ് ആയി 🐟
Comments
Post a Comment