അടയാളങ്ങൾ
അച്ഛനും അമ്മയ്ക്കും ഒപ്പം വിരലിലെണ്ണാവുന്ന ഫോട്ടോകള്‍ മാത്രമേ എന്റെ കൈയിൽ ഉള്ളൂ. അവരുടെ ഒറ്റയ്ക്കുള്ള ഫോട്ടോകളും വളരേ കുറച്ച് മാത്രമേ കാണൂ. രണ്ടുപേരും അങ്ങനെ ഫോട്ടോസ് ഒക്കെ എടുക്കാൻ ഇഷ്ടമുള്ള ആളുകളുമായിരുന്നില്ല. വീട്ടില്‍ പഴയ കുറെ ആൽബങ്ങളുണ്ടായിരുന്നു. അതിൽ അവരുടെ കല്യാണ ഫോട്ടോസും മറ്റും കണ്ടിട്ടുണ്ടെന്നല്ലാതെ ഞങ്ങൾ ഒന്നിച്ച് നിന്ന് അങ്ങനെ അധികം ഫോട്ടോകള്‍ ഒന്നുമില്ല. ഇനി ഉണ്ടെങ്കിൽ തന്നെയും അത് വല്ല ബന്ധുക്കളുടേയും കല്യാണ ആൽബങ്ങളിലെങ്ങാനും ആകും. അന്നൊക്കെ ഞാനും അനിയനും ചെറുതായത് കൊണ്ട് അതൊക്കെ അങ്ങനെ ഒരു ഓര്‍മ്മയ്ക്ക് സൂക്ഷിച്ച് വെക്കണം എന്ന് തോന്നിയതുമില്ല. പിന്നെയൊരെണ്ണമുള്ളത് അച്ഛന്റെ സഹോദരിയുടെ മകളുടെ കല്യാണത്തിന് ഞങ്ങളുടെ ഒരു ഫാമിലി ഫോട്ടോ എടുത്തതാണ്. അന്നത് എടുത്തത് ഞങ്ങളുടെ ബന്ധു കൂടിയായ കൃഷ്ണേട്ടനാണ്. അന്ന് പ്ലസ് വണ്ണിലോ മറ്റോ പഠിയ്ക്കാണ് ഞാൻ. ആ ഫോട്ടോയിൽ ഞങ്ങളെ നാലുപേരെയും കാണാന്‍ നല്ല രസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് എപ്പഴോ അതിലെ കല്യാണ പെണ്ണിനെ ഒഴിവാക്കി ഞാൻ അതിന്റെ ഒരു കോപ്പി കൃഷ്ണേട്ടനോട് പറഞ്ഞ് മെയിലിലേക്ക് വാങ്ങിച്ചു. ഒരെ...