സത്യത്തിൽ അവധിക്കാലം എനിക്കും കൂടിയാണ്. എന്റെ ഒക്കെ കുട്ടിക്കാലത്ത് കളിക്കാൻ എത്ര പേരായിരുന്നു. വീടിനടുത്ത് ഉള്ള ആ വലിയ പറമ്പില്‍ ഞങ്ങള്‍ പിള്ളേര് സെറ്റ് കളിക്കാത്ത കളികൾ ഇല്ല. കല്ല് കളി, ഒളിച്ചി പ്രാന്തി, ക്രിക്കറ്റ്, അല്ലീമല്ലീജമന്തി, പുള്ള്യാംക്കുത്തി, ഗോലി, ഉണ്ണിപ്പുര കെട്ടൽ ഇതൊക്കെ അവയിൽ ചിലത് മാത്രം. അന്നൊക്കെ അത് കളിക്കാൻ ഒരു പട തന്നെ കൂടെ ഉണ്ടായിരുന്നതാണ് ആ കളികളെയെല്ലാം ഇത്രേം മനോഹരമായി ഓര്‍ത്തെടുക്കാനുള്ള ഒരു കാരണം. കളിയില്‍ ഇടയില്‍ തല്ലു കൂടി പിണങ്ങി പോകും... വാശി കാണിച്ച് മാറി നില്‍ക്കും... ചിലര്‍ കരയും.... ചിലർ കളിയാക്കും..... മറ്റ് ചിലർ വെല്ലുവിളിക്കും....ഇതെല്ലാം ഉണ്ടാകുമെങ്കിലും പിന്നെയും ഞങ്ങൾ ഒന്നിച്ച് അവധി ഒരാഘോഷമാക്കി മാറ്റും. എല്ലാവരുടെയും കളി ചിരി മേളങ്ങൾ കൊണ്ട് ആ പരിസരം ആവേശഭരിതമാകും. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ പിന്നെ ഉച്ചക്ക് ഭക്ഷണത്തിന് കേറി ചെല്ലും. നാല് മണി ചായയും കടിയും ഒക്കെ ഓരോ വീട്ടില്‍ നിന്ന് ആയിരിക്കും. പഴുത്ത ചക്കയോ മാങ്ങയോ ചക്ക വറുത്തതോ ഒക്കെ ആയി ഏതേലും വീട്ടില്‍ നിന്ന് കഴിക്കും. ജീവിതത്തിൽ ഏറ്റവും നല്ല കുറെ കാര്യങ്ങൾ പഠിച്ചത് അന്നത്തെ ആ കൂട്ടായ...