കുട്ടിക്കാലം

സത്യത്തിൽ അവധിക്കാലം എനിക്കും കൂടിയാണ്. എന്റെ ഒക്കെ കുട്ടിക്കാലത്ത് കളിക്കാൻ എത്ര പേരായിരുന്നു. വീടിനടുത്ത് ഉള്ള ആ വലിയ പറമ്പില്‍ ഞങ്ങള്‍ പിള്ളേര് സെറ്റ് കളിക്കാത്ത കളികൾ ഇല്ല. കല്ല് കളി, ഒളിച്ചി പ്രാന്തി, ക്രിക്കറ്റ്, അല്ലീമല്ലീജമന്തി, പുള്ള്യാംക്കുത്തി, ഗോലി, ഉണ്ണിപ്പുര കെട്ടൽ ഇതൊക്കെ അവയിൽ ചിലത് മാത്രം. അന്നൊക്കെ അത് കളിക്കാൻ ഒരു പട തന്നെ കൂടെ ഉണ്ടായിരുന്നതാണ് ആ കളികളെയെല്ലാം ഇത്രേം മനോഹരമായി ഓര്‍ത്തെടുക്കാനുള്ള ഒരു കാരണം. കളിയില്‍ ഇടയില്‍ തല്ലു കൂടി പിണങ്ങി പോകും... വാശി കാണിച്ച് മാറി നില്‍ക്കും... ചിലര്‍ കരയും.... ചിലർ കളിയാക്കും..... മറ്റ് ചിലർ വെല്ലുവിളിക്കും....ഇതെല്ലാം ഉണ്ടാകുമെങ്കിലും പിന്നെയും ഞങ്ങൾ ഒന്നിച്ച് അവധി ഒരാഘോഷമാക്കി മാറ്റും. എല്ലാവരുടെയും കളി ചിരി മേളങ്ങൾ കൊണ്ട്‌ ആ പരിസരം ആവേശഭരിതമാകും. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ പിന്നെ ഉച്ചക്ക് ഭക്ഷണത്തിന് കേറി ചെല്ലും. നാല് മണി ചായയും കടിയും ഒക്കെ ഓരോ വീട്ടില്‍ നിന്ന് ആയിരിക്കും. പഴുത്ത ചക്കയോ മാങ്ങയോ ചക്ക വറുത്തതോ ഒക്കെ ആയി ഏതേലും വീട്ടില്‍ നിന്ന് കഴിക്കും. ജീവിതത്തിൽ ഏറ്റവും നല്ല കുറെ കാര്യങ്ങൾ പഠിച്ചത് അന്നത്തെ ആ കൂട്ടായ്മയില്‍ നിന്നായിരുന്നു. ഇന്ന്‌ ഇപ്പൊ വീടുകളിൽ കുട്ടികൾ കുറവ്... ഉള്ളവര്‍ക്ക് ഇത്തരം കളികൾ ഒന്നും കളിക്കാൻ താൽപര്യമില്ല.. അല്ലെങ്കിൽ ഇതൊക്കെ കളിക്കാൻ ഉള്ള പിള്ളേര് എണ്ണത്തിൽ തികയില്ല. വീട്ടില്‍ ഏതെങ്കിലും ബോര്‍ഡ് ഗെയിം ഒക്കെ കളിച്ച് ഇരിപ്പാണ് പലരുടെയും പണി. ഇവിടെയും അത് തന്നെ അവസ്ഥ. ഒരുപക്ഷേ കൂടെ കളിക്കാൻ കൂട്ടുകാർ ഇല്ലാത്തതായിരിയ്ക്കും ഓരോ കുട്ടികളുടേം ഏറ്റവും വലിയ സങ്കടം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്കൊണ്ട് ഇപ്പൊ മോളുടെ കൂടെ കളിക്കുന്ന പ്രധാന കളിക്കൂട്ടുകാരി ഞാൻ ആണ്. സത്യത്തിൽ എങ്ങനെ ഓരോ പുതിയ കളികൾ കണ്ടു പിടിച്ചു കളിക്കാം എന്ന ഗവേഷണത്തിലാണ് ഞങ്ങൾ ഇപ്പോള്‍...🤗😎

Comments

Popular posts from this blog

കലാപ്പൂരം

നാം നടന്ന കാലം

അമ്മയോർമ്മകൾ