ഒരു കുടയും ഞങ്ങടെ കുഞ്ഞി പെണ്ണും

ഞങ്ങളെ സംബന്ധിച്ചിടത്തോളം സെപ്റ്റംബർ മാസം പകുതി മുതല്‍ക്കു ഇങ്ങോട്ടേക്ക് വളരെ മോശം സമയത്തിലൂടെ ആയിരുന്നു ഞങ്ങള്‍ കടന്ന് പോയത്. പകൽ സമയത്ത് എല്ലാം ഉഷാര്‍ ആയിരുന്ന മോള് രാത്രി ഉറങ്ങാൻ കിടത്തിയാൽ ഒരു തരി പോലും ഉറങ്ങില്ല..വല്ലാതെ വാശി പിടിച്ചു കരയും. പുലര്‍ച്ചെ വരെ ഇത് തുടരും. ഈ സമയത്തൊന്നും അച്ഛൻ വീട്ടില്‍ ഇല്ല. ജോലി സ്ഥലത്ത്‌ റിനോവേഷൻ നടക്കുന്നത് കൊണ്ട്‌ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. അതോണ്ട് തന്നെ ഞാനും മോളും മാത്രമേ ഉള്ളൂ. അമ്മ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്ന് പറഞ്ഞാണ് കരച്ചില്‍. ഇടക്ക് പറയും എനിക്ക് കണ്ണ് വേദനിക്കുന്നു തല വേദന എടുക്കുന്നു അങ്ങനെ അങ്ങെനെ കുറെ അസ്വസ്ഥതകൾ. ഒടുക്കം  ഇതിങ്ങനെ തുടരുന്നത് കണ്ടപ്പൊ അവളുടെ ഡോക്ടർ ആൻ്റീനെ കണ്ടു കാര്യം പറഞ്ഞു. അവള്‍ക്ക് അങ്ങനെ വല്യ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. അച്ഛൻ ഇല്ലാത്തത് കൊണ്ട്‌ ആവും. ഇതിന്റെ ഇടയില്‍ ആണ് അച്ഛമ്മ പോയത്. അതും കുഞ്ഞിന്റെ മനസ്സിൽ ഉണ്ടാകും. അവള്‍ക്ക് പെട്ടന്ന് ഒറ്റക്ക് ആയത് പോലെ തോന്നി കാണും അതാവും എന്ന് ഞാനും കരുതി. ഇതിന്റെ ഇടയില്‍ ഇടിവെട്ടും മഴയും ഒക്കെ വന്നപ്പോ രാത്രി തന്നെ നിൽക്കാൻ ഒന്നും കൂടി പേടി ആയി. അങ്ങനെ രണ്ട് ദിവസം ഞങ്ങള്‍ മാമന്റെ വീട്ടില്‍ പോയി. അവിടെ കിടന്ന് ഉറങ്ങി പുലര്‍ച്ചെ അച്ഛൻ ജോലി കഴിഞ്ഞ് വരുമ്പോ ഞങ്ങളെയും കൊണ്ട്‌ വീട്ടിലേക്ക് വന്നു. അവിടെ നിന്ന് വന്നു നേരെ 8.02 ന് സ്കൂൾ ബസ് വരുമ്പോ സ്കൂളിലേക്കും പോകും.  കരച്ചിലും ഉറക്കം ഇല്ലായ്മയും പിന്നെയും തുടർന്നു. അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങള്‍ അവളെ കണ്ണ് ഡോക്ടറെ കാണിച്ചു. ഉറങ്ങാതെ ഇരുന്ന് വെറുതെ കണ്ണ് തിരുമ്മി തിരുമ്മി ചുവന്ന് വീര്‍ത്ത കണ്ണ് കണ്ടപ്പൊ എനിക്ക് പേടി ആയിട്ട് ആണ് കൊണ്ട്‌ പോയത്. അവിടെയും ഡോക്ടർ പറഞ്ഞു ചെറിയ അലർജി ഉണ്ടെന്ന് അല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ല എന്ന്.
              
                   ഇതിന്റെ ഇടയില്‍ കൂടി Half Yearly പരീക്ഷയും നടക്കുന്നുണ്ട്. സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി കാര്യമായ പഠനങ്ങൾ ഒന്നും നടന്നില്ല. പഠിക്കാൻ അവൾക്കും പഠിപ്പിക്കാന്‍ എനിക്കും ഒട്ടും വയ്യായിരുന്നു. ഉറക്കം ഇല്ലായ്മ ശരിക്കും വല്ലാത്തൊരു മാനസികാവസ്ഥയിലേക്കാണ് നമ്മളെ കൊണ്ടെത്തിയ്ക്കുക. എങ്കിലും പരീക്ഷയ്ക്ക് ഇടയില്‍ കിട്ടിയ മുടക്ക് ദിവസങ്ങളില്‍ ഞങ്ങള്‍ കുറച്ച് കുറച്ചായി പഠിക്കാൻ ശ്രമിച്ചു. മുമ്പ് പഠിച്ച് വെച്ചത് കുറച്ച് ഓര്‍മയില്‍ ഉണ്ടായി. അങ്ങനെ മടി ഒന്നും കൂടാതെ അവൾ പരീക്ഷകള്‍ക്കും പോയി. ചോദ്യ പേപ്പർ കീറി മുറിച്ച് എന്ത് എഴുതി എങ്ങനെ എഴുതി എന്നൊന്നും ഞാനും ചോദിക്കാൻ പോയില്ല. ജയിച്ചാലും തോറ്റാലും നമുക്ക് സാരമില്ല പൊന്നാ അടുത്ത പരീക്ഷയ്ക്ക് നോക്കാം എന്ന് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു. ഇതിന്റെ ഇടയ്ക്ക് ഒട്ടും സമാധാനമില്ലാതെ ഞാൻ ക്ലാസ് ടീച്ചറെ വിളിച്ചു മോളുടെ കാര്യം പറഞ്ഞു. ബാക്കി ഉള്ളത് വെറും രണ്ട് പരീക്ഷകള്‍ മാത്രമായിരുന്നു. ടീച്ചർ പറഞ്ഞു മുന്നേ പറഞ്ഞിരുന്നു എങ്കിൽ അവളെ കൂടുതൽ ശ്രദ്ധിച്ചേനെ എന്ന്. സാരമില്ല അവൾ ഇത് വരെ ഉള്ള പരീക്ഷകള്‍ എല്ലാം നന്നായ് തന്നെ എഴുതിയിട്ടുണ്ട്. അടുത്ത ദിവസം ഞാൻ അവളോട് സംസാരിക്കാം എന്ന് പറഞ്ഞു. ഇതിന്റെ ഇടയില്‍ അച്ഛന്റെ നൈറ്റ് ഡ്യൂട്ടി ഒക്കെ തീര്‍ന്നു. മോള് പതിയെ ഓക്കേ ആയി വന്നു. 

         അങ്ങനെ എല്ലാം കഴിഞ്ഞ് കഴിഞ്ഞ ദിവസം അവൾ ആൻസർ പേപ്പർ കൊണ്ട്‌ വന്നു പറഞ്ഞു അമ്മക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന്. നോക്കിയപ്പോ വിചാരിച്ച പോലെ അല്ല എല്ലാ വിഷയങ്ങളിലും നല്ല മാർക്ക് വാങ്ങിയിട്ടുണ്ട് അവൾ. ഒരുപാട്‌ സന്തോഷം തോന്നി. ഒട്ടും പറ്റാത്ത ഒരു സാഹചര്യത്തില്‍ പോലും അവൾ അങ്ങനെ മാർക്ക് വാങ്ങിയല്ലോ. 

               എല്ലാ തവണയും മാർക്ക് ഷീറ്റ് കിട്ടുന്ന സമയത്ത് എന്തേലും ഒരു കുഞ്ഞ് സമ്മാനം വാങ്ങി കൊടുക്കാറുണ്ട്. ഇത്തവണ ഒരു കുടയാണ് വാങ്ങിയത്. രണ്ടാം പിറന്നാളിന് ഡെൽഫി ആൻ്റി സമ്മാനമായി കൊടുത്ത കുഞ്ഞ് കുടയാണ് ഇപ്പഴും ഉപയോഗിച്ചിരുന്നത്. ചെറുപ്പം മുതലേ എല്ലാം നശിപ്പിച്ച് കളയാതെ സൂക്ഷിച്ചു ഉപയോഗിക്കുന്ന ആളാണു അവൾ. ഇപ്പഴും ഒന്നും അങ്ങനെ കേടു വരുത്തി കളയില്ല. എന്തായാലും ആ കുട ഇപ്പൊ ചെറുതായി,ബാഗ് ഒക്കെ നനയും. അതോണ്ട് അവള്‍ക്കൊരു കുട ആവശ്യമായിരുന്നു. പറഞ്ഞ പിങ്ക് കളർ ഒന്നും കിട്ടിയില്ല എങ്കിലും ആള് ഹാപ്പി. കഴിഞ്ഞ ദിവസം അതും ചൂടി നേരെ സ്കൂളിലേക്ക്. ☂️


Comments

Popular posts from this blog

കലാപ്പൂരം

നാം നടന്ന കാലം

അമ്മയോർമ്മകൾ