ഷെയ്ക്കോർമ്മ
പണ്ടൊക്കെ അച്ഛൻ എന്നെ സൈക്കിളിൽ കാട്ടൂര് കൊണ്ട് പോകാറുണ്ട്. പുതിയ ചെരുപ്പ് വാങ്ങി തരാനോ സ്കൂൾ തുറക്കുന്ന സമയമാണെങ്കിൽ ബാഗ് വാങ്ങാനോ വേണ്ടിയാണ് ആ യാത്ര. അന്ന് ചെരുപ്പൊക്കെ പൊട്ടിയ വല്യ സന്തോഷമാണ് അത് വാങ്ങാന്‍ കാട്ടൂര്‍ക്ക് പോകാലോന്നോർത്ത്. കാര്യം വേറൊന്നുമല്ല അങ്ങനെ പോകുന്ന അന്ന് അച്ഛൻ അവിടെത്തെ സുഹൈൽ ഹോട്ടലിൽ കൊണ്ട് പോകും. എന്നിട്ട് അവിടെന്നു പൊറോട്ടയും ഇറച്ചി കറിയും വാങ്ങി തരും. ഞാനത് കഴിച്ച് കഴിയുന്നത് വരെ അച്ഛൻ ഒരു ചായ കുടിച്ചങ്ങനെ ഇരിക്കും. അന്നേരം എരിവ് സഹിക്കാൻ വയ്യാന്നും പറഞ്ഞ് ചൂട് ചായയ്ക്ക് പകരം അച്ഛനെ കൊണ്ട് ഞാനൊരു കൊക്കക്കോള വാങ്ങിപ്പിക്കും. സോഡ സർബത്തും ജീരക സോഡയും മാത്രം കുടിച്ച് പരിചയമുള്ള എനിക്കൊക്കെ അന്നത്തെ ആ കോള കിട്ടുമ്പോ വല്യ സന്തോഷമാണ്. മുഴുവൻ കുടിക്കാതെ പാതി വീട്ടില്‍ കൊണ്ട് വരും. അതാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ സോഫ്റ്റ് ഡ്രിങ്ക് എന്ന് പറയാം.
പിന്നെ പ്ലസ് ടു പഠിക്കുന്ന കാലത്താണു ഷേയ്ക്കിനെ കുറിച്ചൊക്കെ കേള്‍ക്കുന്നത് തന്നെ . കാട്ടൂര്‍ മുനപ്പിൽ ബേക്കറിയുടെ ഉള്ളില്‍ ഒരു ചെറിയ സ്ഥലത്ത് അഞ്ചോ ആറോ പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യത്തിൽ ഒരു ചെറിയ സ്ഥലം ഉണ്ട്. അവിടെ ഇരുന്ന് വേണം ഓര്‍ഡര്‍ ചെയ്ത ഷേയ്ക്ക് കുടിക്കാൻ. എന്റെ ഓര്‍മ്മയില്‍ അന്നൊക്കെ ഷാർജാ ഷേയ്ക്കും ചിക്കൂ ഷേയ്ക്കും വേറെ രണ്ട് മൂന്ന് എണ്ണം കൂടി മാത്രമാണ് ഉണ്ടായിരുന്നതെന്ന് തോന്നുന്നു. പച്ച പാല് കട്ടിയാക്കി അതിൽ പഞ്ചാരയും കപ്പലണ്ടിയും പഴവുമൊക്കെ ചേർത്ത് മിക്സിയില്‍ അടിച്ച് ഷേയ്ക്ക് കൊണ്ട് വരുന്നത് വരെ ഒരു കാത്തിരിപ്പാണ്. അതിന്റെ രുചി എങ്ങനെ ആയിരിക്കും? ഏത് നിറത്തിൽ ആയിരിക്കും? ഇത്രയും പൈസ കൊടുത്തു വാങ്ങിയിട്ട് കുടിച്ചില്ലെങ്കിൽ വഴക്ക് കേള്‍ക്കോ? അങ്ങനെ അങ്ങനെ നൂറു കാര്യങ്ങൾ ചിന്തിച്ചിരിയ്ക്കുമ്പോഴേയ്ക്കും സാധനം റെഡി ആയി ടേബിളിൽ വരും. അന്നൊക്കെ അത് കാണുന്നത് വല്യ കൗതുകമായിരുന്നു. അപ്പൊ പിന്നെ കുടിയ്ക്കുന്ന കാര്യം പറയണ്ടല്ലോ. എന്നാലും ഒരു ഷേയ്ക്ക് മുഴുവൻ കുടിച്ചു തീർക്കാനുള്ള കപ്പാസിറ്റിയൊന്നും അന്നെനിക്ക് ഉണ്ടായില്ല. പിന്നീട് പലപ്പോഴായി കൂട്ടുകാർക്കൊപ്പം പോയി ഷേയ്ക്ക് കുടിക്കാറുണ്ട്. കോളേജ് കാലത്താണ് ആ പതിവ് അധികമുണ്ടായിരുന്നത്.
അന്നൊക്കെ വീട്ടില്‍ ഫ്രിഡ്ജൊന്നും ഉണ്ടായിരുന്നില്ല. കാലങ്ങള്‍ക്ക് ശേഷം കൂട്ടുകാരി Rubitha Akbar ന്റെ വീട്ടില്‍ പുതിയ ഫ്രിഡ്ജ് വാങ്ങാന്‍ പോകായിരുന്നു. അപ്പോ അവൾ എന്നെ വിളിച്ചു കാര്യം പറഞ്ഞു ഡീ ഇപ്പോഴത്തെ ഫ്രിഡ്ജ് നിനക്ക് തരട്ടെ എന്ന് ചോദിച്ചു. ആ സമയത്തൊക്കെ പുതിയതൊന്ന് വാങ്ങുന്നതിനെ കുറിച്ചൊന്നും ചിന്തിക്കാൻ കൂടി വയ്യാ. അങ്ങനെ അവളുടേം കുടുംബത്തിന്റേയും നല്ല മനസ്സ് കൊണ്ട് അവിടന്ന് ആ ഫ്രിഡ്ജ് കിട്ടി. അതിനു ശേഷം ആണ് ജ്യൂസും, ഷേയ്ക്കുമൊക്കെ വീട്ടില്‍ തന്നെ ഉണ്ടാക്കാൻ തുടങ്ങിയത്.മോള് വന്നേ പിന്നെ അവള്‍ക്കും വല്യ ഇഷ്ടമാണ് ഷേയ്ക്കൊക്കെ കുടിക്കാൻ.ഇന്നിപ്പോ എത്രയെത്ര നിറത്തിലും രുചിയിലുമുള്ള ഷേയ്ക്കുകളാണല്ലേ...
Comment Your favorite Shake🍹
Comments
Post a Comment