വീട്
യാത്രകൾക്കെല്ലാമൊടുവിൽ കയറി ചെല്ലാന്‍ ഏറെ പ്രിയപ്പെട്ടൊരിടമേ ഉണ്ടായിരുന്നുള്ളൂ അത് വീടാണ്. അച്ഛാഛനും അച്ഛമ്മയുമൊക്കെ ചേര്‍ന്നുണ്ടാക്കിയ ഓടിട്ട ഈ മണ്ണ് വീട്ടിലായിരുന്നു ഞാൻ വളര്‍ന്നത്. ജനിച്ച് 28 ദിവസം കഴിഞ്ഞപ്പോ തന്നെ ചാണകം മെഴുകിയ അകത്തളങ്ങളുള്ള അമ്മ വീട്ടില്‍ നിന്നും അച്ഛമ്മ എന്നെ ഇവിടേക്ക് കൊണ്ട് വന്നു. അന്നൊക്കെ എന്റെ അമ്മ വീട്ടില്‍ സൗകര്യങ്ങള്‍ തീരെ കുറവായിരുന്നു. അന്ന് മുതൽ ഇന്ന് വരെയും ഇതാണ് എന്റെ ലോകം. മൂന്ന് കുഞ്ഞ് മുറികളും ഒരു കൊച്ചു അടുക്കളയും സ്റ്റോര്‍ റൂമും ചെറിയ ഹാളും ഉള്ള ഈ വീട്ടിലായിരുന്നു അച്ഛനും അമ്മയും ഞാനും അനിയനും അച്ഛമ്മയും അച്ഛാഛനും പാപ്പനും മേമയും അവരുടെ മകനും താമസിച്ചിരുന്നത്. അവധിക്ക് രണ്ട് അമ്മായിമാരും അവരുടെ മക്കളും കൂടി വരും. പരാതികളൊന്നും കൂടാതെ ഇത്രയും പേര്‍ കഴിഞ്ഞിരുന്ന ഈ വീട് അന്നൊക്കെ ഒരു സ്വര്‍ഗമായിരുന്നെന്ന തിരിച്ചറിവ് വരാൻ കാലം കുറെ കഴിയേണ്ടി വന്നു. അല്ലേലും കടന്ന് പോകും വരെ നമുക്കറിയില്ല ആ നിമിഷത്തിൻ്റെ ഭംഗിയെന്തായിരുവെന്ന്.
സ്ക്കൂൾ കാലത്ത് എന്റെ വീടൊരു ടെറസ് വീടാണെന്നും പറഞ്ഞ് കൂട്ടുകാരോടൊക്കെ വീടിനെ കുറിച്ച് കള്ളം പോലും പറഞ്ഞിട്ടുണ്ട് ഞാൻ.കോളേജിൽ പഠിക്കുമ്പോ പോലും എന്റെ ഉള്ളില്‍ ആ ഒരു കോംപ്ലക്സ് ഉണ്ടായിരുന്നു. പക്ഷേ അന്നത്തെ എന്റെ സുഹൃത്തുക്കളെല്ലാവരും ഒരിക്കൽ ഒരു പൂരക്കാലം ആഘോഷിക്കാൻ വീട്ടില്‍ വന്നതോടെ അത് മാറി കിട്ടി. അന്ന് എന്റെ വീട്ടില്‍ വന്നു പോയ ശേഷം അതിൽ എന്റെയൊരു സുഹൃത്ത് എനിക്ക് ഫോണിൽ ഒരു മെസ്സേജ് അയച്ചു. നീ കരുതും പോലെ കുറെ കല്ലും സിമന്റും ചേര്‍ത്തു വെച്ച് വലിയൊരു വീട് ഉണ്ടാക്കുന്നതിലല്ല കാര്യം. ആ വീട്ടിനുള്ളിലെ ആളുകളുടെ സ്നേഹവും കരുതലും ഒരുമയും കൂടി ചേരുമ്പോഴേ അതൊരു വീടാകൂ ആതിരാ....അങ്ങനെ ഒരു വീട് നിനക്ക് ഉള്ളതാണ് നിന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന്. അതോടെ വീടിന്റെ പോരായ്മകളെ ക്കുറിച്ചുള്ള എന്റെ ചിന്താഗതികളും മാറി.
എന്നിരുന്നാലും കാലം കഴിയും തോറും വീടിനും പ്രായം കൂടി കൂടി വന്നു. പേമാരിക്കാലം ഞങ്ങൾക്കൊരു പേടിക്കാലം കൂടിയായിരുന്നു. അങ്ങനെ എത്ര രാത്രികളാണെന്നോ ഓടിട്ട ഈ ഓട്ടപ്പുരയിൽ ഉറങ്ങാതിരുന്ന് ഞങ്ങൾ നേരം വെളുപ്പിച്ചിരുന്നത്. മടക്കി വെച്ച കിടക്കപ്പായുടെ സ്ഥാനത്ത് അടുക്കളയിലെ പാത്രങ്ങളും ബക്കറ്റുമൊക്കെ നിരത്തി വെച്ച് എത്ര രാത്രി മഴകളെയാണ് ഉള്ളിലൊരായിരം തവണ ഞാൻ ശിച്ചിരുന്നത്. നട്ടപ്പാതിരായ്ക്ക് ഓടിൻറെ ചോർച്ചയടക്കാൻ ഓടിനടന്ന് വിയർത്തിരുന്ന അച്ഛനെയും അമ്മയെയും ഒക്കെ ഓർക്കുമ്പോ ഉള്ള് പെയ്യുന്നുണ്ട്. അന്നൊക്കെ ഞങ്ങളുടെ വീടിന് പുറത്ത് മാത്രമായിരുന്നില്ല അകത്തും മഴയായിരുന്നു...
ഇടിവാളിന്റെ വെള്ളി വെളിച്ചം കാണുമ്പഴേ അടിമുടി വിറയ്ക്കുമായിരുന്നു ഞാനും അനിയനും. അന്നൊക്കെ പക്ഷേ വീട്ടില്‍ ആളുകൾ ഉണ്ട്. അച്ഛമ്മ പറയും നാമം ജപിച്ച് ഇരുന്നോ ഇടിവെട്ട് വേഗം മാറട്ടെ എന്ന്... ഇന്നിപ്പോ വാടക വീടിന്റെ സൗകര്യങ്ങളിൽ താമസിക്കുമ്പോൾ പോലും അതേ പേടി കൂടെയുണ്ട്... അന്നത്തെ പോലെ കൂട്ടിന് വീട് നിറയെ ആരും ഇല്ലാന്ന് ഓര്‍ക്കുമ്പോ പേടി കൂടും.... പിന്നെ ഒഴുക്കിനൊത്ത് നീന്തിയല്ലേ പറ്റൂ എന്നാശ്വസിച്ച് അച്ഛമ്മ പറഞ്ഞ പോലെ നാമം ജപിച്ച് റൂമിൽ ഇരിക്കും ഇടിയും മഴയും മാറും വരെ... ജീവിതം അങ്ങനെയാണ് ഒരുകാലത്ത് ഒന്നിച്ച് അതിജീവിച്ച കാറ്റും മഴയും മഞ്ഞുമെല്ലാം പിന്നീട് ഒറ്റയ്ക്കും അതിജീവിക്കേണ്ടി വന്നേക്കാം... 🏡
#homesweethome
#nostalgia
#childhoodmemories
Comments
Post a Comment