ഒരു പാത്രക്കഥ
വീട്ടില്‍ മിക്ക പാത്രങ്ങളും വാങ്ങിയിരുന്നത് ഇരിഞ്ഞാലക്കുടയിലെ ആലേങ്ങാരനീന്നാണ്... അവിടെ കിട്ടാത്ത പത്രങ്ങളും വിളക്കുകളും ഒന്നും ഉണ്ടാവില്ല... ചെറുപ്പം മുതലേ മുത്തി അമ്മാമ്മേടെയോ അമ്മയുടേയോ മേമേടേയോ ഒക്കെ കൂടെ പോയി അവിടന്നു സാധനങ്ങൾ വാങ്ങാറുണ്ട്. അന്ന് മുതലുള്ളൊരു പതിവാണ് വാങ്ങുന്ന പാത്രത്തിലും വിളക്കിലും ഞങ്ങള്‍ പിള്ളേരുടെ പേര് എഴുതിയ്ക്കും. അന്നൊക്കെ അത് വല്യ സന്തോഷമുള്ള കാര്യമാണ്. പണ്ട് എന്തേലും ചെറിയ തല്ലു കൂട്ടമൊക്കെ ഉണ്ടായാൽ "നിന്റെ ആണെന്ന് പറയാന്‍ അതിൽ നിന്റെ പേര് എഴുതി വെച്ചിട്ടുണ്ടോ" എന്നുള്ള സ്ഥിരം ഡയലോഗ് പലരും കേട്ട് കാണും. നമ്മടെ പേര് അതിൽ എഴുതി വാങ്ങുമ്പോള്‍ നമ്മടെ എന്ന് അവകാശപ്പെടാൻ പാകത്തില്‍ ഒരു സാധനം അവിടെ ഉണ്ടാവുന്നു എന്നത് വല്ലാത്തൊരു സംതൃപ്തിയാണ്. തറവാട്ട് അമ്പലത്തില്‍ എന്തേലും വിശേഷങ്ങള്‍ ഒക്കെ ഉണ്ടായാല്‍ വഴിപാടായി വിളക്കൊ അല്ലെങ്കിൽ ആവശ്യമുള്ള പത്രങ്ങളോ ഒക്കെ കൊടുക്കുന്നൊരു പതിവുണ്ട്.അതിലും ഇങ്ങനെ നമ്മുടെ പേര് എഴുതി ആണ് സമര്‍പ്പിക്കുന്നത്. പിന്നീട് പരിപാടി കഴിഞ്ഞ് അതൊക്കെ കഴുകി എടുത്ത് വെക്കാം നേരം അതിൽ നമ്മടെ പേര് ഇങ്ങനെ കാണുമ്പോ അന്നൊക്കെ അത് വല്യ സന്തോഷമുള്ള കാര്യമായിരുന്നു. സത്യത്തിൽ എന്തിനായിരുന്നു ഇങ്ങനെ പേര് എഴുതിയ്ക്കുന്നത് എന്ന് അന്നൊന്നും അറിയില്ലായിരുന്നു. ആ കാലത്തൊക്കെ ബന്ധു വീടുകളിൽ എന്തേലും പരിപാടിയൊക്കെ ഉണ്ടായാല്‍ പത്രങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും വാങ്ങി കൊണ്ട് പോകും. ആവശ്യം കഴിഞ്ഞാൽ പേര് നോക്കി അതാത് ആളുകളുടെ സാധനങ്ങള്‍ അവരവരുടെ വീടുകളിൽ തന്നെ തിരിച്ച് കൊണ്ട് കൊടുക്കും. ഈ അടുത്ത ഇടക്ക് വരെ അമ്മ എന്റെ പേരില്‍ വാങ്ങിയ ഒരു ഇടങ്ങാഴി കാട്ടൂര്‍ വീടിന്റെ അടുത്തുള്ള മിക്ക വീടുകളിലേയും പരിപാടികൾക്ക് കൊണ്ട് പോയിരുന്നു. മുത്തിഅമ്മാമ്മ മരിക്കും വരെ ഞാൻ അത് കാട്ടൂര്‍ വീട്ടില്‍ നിന്ന് കൊണ്ട് വന്നില്ലായിരുന്നു. അമ്മാമ്മ പോയേ പിന്നെയാണ് ഞാൻ അത് ഇങ്ങോട്ട് കൊണ്ട് വന്നത്. ഇന്ന് ഇപ്പൊ അതിന്റെയൊന്നും ആവശ്യമില്ലാതെയായെങ്കിലും ഇപ്പഴും എന്തേലും വാങ്ങിയ ആ പഴയ ഓര്‍മ്മയില്‍ അതിൽ എല്ലാം മോളുടെ പേര് എഴുതിയ്ക്കും. അത് കാണുമ്പോള്‍ അവളും ഹാപ്പി നമ്മളും ഹാപ്പി🤗
Comments
Post a Comment