വീടോർമ്മ
പണ്ട് കാട്ടൂര്‍ എന്റെ വീടിന്റെ ഉമ്മറത്ത് ഒരു വലിയ മുല്ലവള്ളിയുണ്ടായിരുന്നു. ഈ സമയത്തൊക്കെ അതിൽ നിറയെ മൊട്ടു പിടിച്ച് പൂക്കൾ ഉണ്ടാകും. വീടോർമ്മൾക്ക് ആ മുല്ലപ്പൂവിന്റെ സുഗന്ധമാണ്. പൂ വിരിഞ്ഞ് നില്‍ക്കുന്ന പകലുകളേക്കാൾ എനിക്ക് ഇഷ്ടം രാത്രികളായിരുന്നു. അന്നത്തെ ആ രാത്രികൾക്ക് എന്ത് സുഗന്ധമായിരുന്നെന്നോ. അന്നൊക്കെ ദൂരദർശനിൽ രാത്രിയില്‍ എട്ട് മണി വരെ എന്തോ ആണ് പരിപാടികള്‍ ഉണ്ടായിരുന്നത്. അത് കണ്ട് കഴിഞ്ഞ് ടിവി ഓഫ് ആക്കിയാൽ പിന്നെ, നേരെ ഉമ്മറത്തെ കസേരയിൽ തിണ്ണയിൽ കാലും കയറ്റി വെച്ച് ഇരുന്ന് പുസ്തക വായനയാണ്. അതല്ലെങ്കിൽ പിന്നെ അമ്മയുടെ ഫോണിൽ എനിക്ക് ഇഷ്ടമുള്ള കുറെ കവിതകളും പാട്ടുകളും ഉണ്ട്. അത് വെച്ച് ആസ്വദിച്ച് ഇരിക്കും. പത്ത് മണിയൊക്കെ ആവുമ്പോഴേക്കും വീട്ടില്‍ വാതിൽ അടച്ച് കിടക്കും. അപ്പോഴും വീട് നിറച്ചും ആ മണമായിരിയ്ക്കും. സ്വപ്നം കാണാന്‍... എഴുതാൻ... വായിക്കാൻ... അത്രമേൽ പ്രിയപ്പെട്ട ദിവസങ്ങൾ വേറെ കാണില്ല. ഉഷമ്മയുള്ള കാലത്ത് തലേന്ന് സന്ധ്യക്ക് മുന്നേ ആ മുല്ല മൊട്ടൊക്ക പൊട്ടിച്ച് ഒരു വാഴയില്‍ ഇട്ട് തലയില്‍ ചൂടാൻ പാകത്തില്‍ മാല കോര്‍ത്ത് വെക്കും. എനിക്കെന്തോ തലയില്‍ മുല്ലപ്പൂ ചൂടുന്നത് ഇന്നും അത്ര താൽപര്യമില്ല. എന്ന് കരുതി ഒരിക്കലും ചൂടാതെയും ഇരുന്നിട്ടില്ല. തേൻ ഉണങ്ങിയ പൂക്കൾ ചേർത്ത് കെട്ടി ഒരു മാല കോര്‍ക്കുന്നതിനേക്കാൾ ഭംഗി അത് വിരിഞ്ഞ് കൊഴിഞ്ഞ് മണ്ണിൽ ചേരുന്നതിനാണ്. 🍂
Comments
Post a Comment