ഡയറി ഓർമ്മകൾ

ഓര്‍മ്മ ശരിയാണെങ്കിൽ പത്താം ക്ലാസ് മുതല്‍ക്കേ ഡയറി എഴുതുന്നൊരു പതിവെനിയ്ക്കുണ്ടായിരുന്നു. പണ്ട്‌ അച്ഛന്റെ തടി മേശയിൽ The Week ൻ്റെയോ മാതൃഭൂമിയുടേയോ ഒക്കെ ഡയറികൾ ഞാൻ കണ്ടിട്ടുണ്ട്. രാത്രി അച്ഛൻ അതിലെന്തൊക്കെയോ കുത്തി കുറിച്ച് എഴുതി വെക്കുന്നതും കണ്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളും സൂക്ഷിച്ച് അടുക്കും ചിട്ടയുമായി എടുത്ത് വെക്കുന്ന ആളായിരുന്നു അച്ഛൻ. അതോണ്ട് തന്നെ അച്ഛന്റെ ആ ഡയറിയില്‍ കുറെ എന്തൊക്കെയോ കടലാസ്സു കഷ്ണങ്ങളും മറ്റുമൊക്കെ വെച്ചിട്ടുണ്ടാകും.അച്ഛനതിൽ എഴുതി കൂട്ടുന്നത് എന്താണെന്ന് അറിയാൻ വലിയ കൗതുകമായിരുന്നു.  ആളാണെങ്കിൽ ആ തടി മേശയിൽ അത് എടുത്ത് വെച്ച് പൂട്ടും. പ്രിയപ്പെട്ട പലതും അച്ഛൻ അതിലാണ് സൂക്ഷിച്ചു വെച്ചിരുന്നത്. കടയില്‍ നിന്ന് ഡയറി വാങ്ങുന്ന പതിവ് അച്ഛനില്ല. നവംബർ മാസമാകുമ്പോൾ പത്രക്കാരൻ ചേട്ടനോട് അച്ഛൻ പറയും രണ്ട് മാതൃഭൂമി കലണ്ടറും ഒരു ഡയറിയും വേണംന്ന്. വീട്ടില്‍ വരുത്തിയിരുന്ന പത്രം, മനോരമ ആയിരുന്നെങ്കിലും കലണ്ടറും ഡയറിയുമൊക്കെ മാതൃഭൂമിയുടേത് തന്നെ വേണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. എഴുതി തീര്‍ത്ത ഡയറികൾ അച്ഛൻ സൂക്ഷിച്ചു വെച്ച് കണ്ടിട്ടില്ല. അത് പിന്നീട് പറമ്പില്‍ കൊണ്ട്‌ പോയി കത്തിക്കും. വീട്ടിലെ വരവ് ചിലവ് കണക്കുകളും മറ്റു പ്രധാനപ്പെട്ട കാര്യങ്ങളുമൊക്കെയായിരുന്നു അച്ഛൻ അതിൽ എഴുതി വെച്ചിരുന്നത് എന്ന് പിന്നീടൊരിക്കൽ മനസ്സിലായി. അച്ഛൻ എഴുതുന്നത് കണ്ട് കൗതുകം തോന്നിയാണ് ഞാനും ഡയറി എഴുത്ത് തുടങ്ങുന്നത്.

            "അച്ഛാ ഇക്കൊല്ലം എനിക്കും വേണം ഒരു ഡയറി." "നിനക്ക് എന്തിനാ ഇപ്പൊ ഡയറിയൊക്കെ?" എന്ന അച്ഛന്റെ മറു ചോദ്യത്തിന് സ്ക്കൂളിലെ ആവശ്യത്തിനാണെന്നൊരു നുണയും പാസ്സാക്കി. അങ്ങനെ പത്രക്കാരൻ ചേട്ടൻ വന്നപ്പോ അക്കൊല്ലം രണ്ട് ഡയറികൾ വേണമെന്ന് അച്ഛൻ പറയുന്നത് കേട്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പിന്നെ ദിവസവും രാവിലെ പത്രക്കാരൻ ഡയറി കൊണ്ട്‌ വരുന്നതും നോക്കി ഇരുപ്പായി. അവസാനം അത് കൈയിൽ കൊണ്ട്‌ തന്നപ്പോള്‍ പുത്തൻ കളിപ്പാട്ടം കിട്ടുന്ന കൊച്ചു കുട്ടികളെ പോലെ മനസ്സ് തുള്ളി ചാടി. പുറത്തെ പ്ലാസ്റ്റിക് കവർ പൊട്ടിച്ച് കളഞ്ഞ് കുറെ നേരം അതിന്റെ പുറം ചട്ട നോക്കി ഇരുന്നു. പിന്നെ പേജൊക്കെ മറിച്ച് നോക്കി പേഴ്സണൽ  ഡീറ്റെയിൽസ് എഴുതുന്ന പേജിൽ ഇനി മുതൽ ഇതെന്റെയാണെന്നധികാരം സ്ഥാപിക്കും വിധത്തിൽ വല്യ ഗമയിൽ എൻ്റെ പേരങ്ങ് എഴുതി വെച്ച്. സത്യത്തിൽ ഇനി മുതൽ അതിൽ  എന്ത് എഴുതണം എന്നതിനെ കുറിച്ചൊന്നും വല്യ ധാരണയൊന്നും അന്ന് ഉണ്ടായിരുന്നില്ല. സ്കൂളിലെ മലയാളം ബുക്കിൽ ഡയറി എഴുതുന്നത് എങ്ങനെ എന്ന  ചോദ്യത്തിന് രാവിലെ എഴുന്നേറ്റു, പല്ലു തേച്ചു, കുളിച്ചു എന്നിങ്ങനെ നീട്ടി പിടിച്ചു അന്ന് നടന്ന കാര്യങ്ങൾ എഴുതി വെക്കാറുണ്ട്. പക്ഷേ അതല്ല ഡയറി എഴുത്ത് എന്ന് പിന്നീട് മനസ്സിലായി. 

            പത്താം ക്ലാസ് മുതൽ ഏതാണ്ട് 2023 വരെയും എന്റെ ഡയറി എഴുത്ത് ഞാൻ തുടർന്നിരുന്നു. അച്ഛന്റെ കാലം കഴിയും വരെ അച്ഛനാണ് എനിക്ക് ഡയറി വാങ്ങി തന്നിരുന്നത്. ശേഷം അമ്മയാണ് ആ ജോലി ഏറ്റെടുത്ത്. വിവാഹത്തിന് ശേഷം അരുണ്‍ ഇരിങ്ങാലക്കുട പ്രകാശൻ പ്രസ്സിൽ നിന്നാണ് എനിക്കുള്ള ഡയറി വാങ്ങി തരാറ്. അവിടെ വേറെയും ഡയറികളുണ്ടാകും. ഇത്തവണ മാതൃഭൂമി ഒന്ന് മാറ്റി പിടി എന്ന് പലപ്പോഴും അരുണ്‍ പറയാറുണ്ടെങ്കിലും ആ പതിവ് തെറ്റിക്കാറില്ല. ഒരു തവണ മാത്രമാണ് മാതൃഭൂമിയുടെ ഡയറി കിട്ടാതെ വന്നപ്പോൾ മനോരമയുടെ വാങ്ങിയത്.

                    അമ്മയുടെ ഒരു ഡയറി ഇപ്പഴും എന്റെ കൈയിൽ ഉണ്ട്. അത് നിറച്ചും എന്റെയും അനിയന്റെ അമ്മയുടെയും കാര്യങ്ങളാണ്. ഒരു ഓര്‍മ്മയ്ക്ക് അത് ഇപ്പഴും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത് മാത്രമല്ല എന്റെ എല്ലാ ഡയറികളും പാപ്പന്‍ ഗൾഫിൽ നിന്ന് കൊണ്ട്‌ വന്നൊരു പെട്ടിയില്‍ സൂക്ഷിച്ചു വെച്ചിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ പോയപ്പോ അതിൽ പകുതിയും ചിതലരിച്ച് പോയി. നശിക്കാത്ത ചിലത് ഇങ്ങോട്ട് കൊണ്ട്‌ പോന്നു. വായിച്ച പുസ്തകങ്ങളെ... യാത്ര ചെയ്ത ഇടങ്ങളെ...കണ്ട സിനിമകളെ... കടന്ന് പോന്ന നല്ലതും ചീത്തയുമായ നേരങ്ങളെ... ഇടക്ക് കണ്ടു മുട്ടിയ മനുഷ്യരെ...കുറിച്ചെല്ലാം ഞാൻ അതിൽ എഴുതിയത് വീണ്ടും ഇന്നെടുത്ത് വായിച്ചു. പുറത്ത്‌ ആർത്തുലച്ച് പെയ്യുന്ന മഴയ്ക്കൊപ്പമിരുന്ന് അത് വായിച്ചവസാനിപ്പിച്ചപ്പോൾ ഓർമ്മകളുടെ ഒരു മഴക്കാലം എന്നെയും കടന്നങ്ങ് പോയി. 🐾

Comments

Popular posts from this blog

കലാപ്പൂരം

നാം നടന്ന കാലം

അമ്മയോർമ്മകൾ