അടയാളങ്ങൾ
അച്ഛനും അമ്മയ്ക്കും ഒപ്പം വിരലിലെണ്ണാവുന്ന ഫോട്ടോകള്‍ മാത്രമേ എന്റെ കൈയിൽ ഉള്ളൂ. അവരുടെ ഒറ്റയ്ക്കുള്ള ഫോട്ടോകളും വളരേ കുറച്ച് മാത്രമേ കാണൂ. രണ്ടുപേരും അങ്ങനെ ഫോട്ടോസ് ഒക്കെ എടുക്കാൻ ഇഷ്ടമുള്ള ആളുകളുമായിരുന്നില്ല. വീട്ടില്‍ പഴയ കുറെ ആൽബങ്ങളുണ്ടായിരുന്നു. അതിൽ അവരുടെ കല്യാണ ഫോട്ടോസും മറ്റും കണ്ടിട്ടുണ്ടെന്നല്ലാതെ ഞങ്ങൾ ഒന്നിച്ച് നിന്ന് അങ്ങനെ അധികം ഫോട്ടോകള്‍ ഒന്നുമില്ല. ഇനി ഉണ്ടെങ്കിൽ തന്നെയും അത് വല്ല ബന്ധുക്കളുടേയും കല്യാണ ആൽബങ്ങളിലെങ്ങാനും ആകും. അന്നൊക്കെ ഞാനും അനിയനും ചെറുതായത് കൊണ്ട് അതൊക്കെ അങ്ങനെ ഒരു ഓര്‍മ്മയ്ക്ക് സൂക്ഷിച്ച് വെക്കണം എന്ന് തോന്നിയതുമില്ല. പിന്നെയൊരെണ്ണമുള്ളത് അച്ഛന്റെ സഹോദരിയുടെ മകളുടെ കല്യാണത്തിന് ഞങ്ങളുടെ ഒരു ഫാമിലി ഫോട്ടോ എടുത്തതാണ്. അന്നത് എടുത്തത് ഞങ്ങളുടെ ബന്ധു കൂടിയായ കൃഷ്ണേട്ടനാണ്. അന്ന് പ്ലസ് വണ്ണിലോ മറ്റോ പഠിയ്ക്കാണ് ഞാൻ. ആ ഫോട്ടോയിൽ ഞങ്ങളെ നാലുപേരെയും കാണാന്‍ നല്ല രസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് എപ്പഴോ അതിലെ കല്യാണ പെണ്ണിനെ ഒഴിവാക്കി ഞാൻ അതിന്റെ ഒരു കോപ്പി കൃഷ്ണേട്ടനോട് പറഞ്ഞ് മെയിലിലേക്ക് വാങ്ങിച്ചു. ഒരെണ്ണം ഫ്രെയിം ചെയ്തും വെച്ചു. പിന്നീട് അച്ഛൻ മരിച്ച സമയത്ത് വീട്ടിലെ ഓര്‍മ്മ ചുമരില്‍ തൂക്കിയിടാൻ അച്ഛന്റെ ഒരു പടം വേണമെന്ന് പറഞ്ഞപ്പോ അമ്മയുടെ കൈയിൽ ഉണ്ടായത് അച്ഛന്റെ വയ്യാത്ത അവസ്ഥയില്‍ എടുത്ത ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ ആയിരുന്നു. അതിൽ അച്ഛനെ കാണുമ്പോ തന്നെ എന്തോ വല്ലാത്തൊരു വേദന തോന്നും.അതുകൊണ്ട് അത് വേണ്ട എന്ന് പറഞ്ഞ് കൃഷ്ണേട്ടനെ കൊണ്ട് മുമ്പ് പറഞ്ഞ ആ ഫാമിലി ഫോട്ടോയിൽ നിന്ന് അച്ഛൻ്റെ ഫോട്ടോ മാത്രം എടുത്ത് ഫ്രയിം ചെയ്യിപ്പിച്ചു. അങ്ങനെ ഓടിട്ട ഞങ്ങളുടെ ആ ഓട്ടപ്പുരയുടെ ചുമരില്‍ അച്ഛാഛനരികിൽ തന്നെ അച്ഛന്റെ ഫോട്ടോയും ഇടം പിടിച്ചു.
അച്ഛൻ ആളൊരു സാധുവായിരുന്നെങ്കിലും മുഖത്ത് എപ്പോഴും ഒരു ഗൗരവഭാവമാണ്. അതുകൊണ്ട് തന്നെ അച്ഛൻ അധികം ചിരിച്ച് കണ്ടിട്ടില്ല ഞാൻ. എന്നെ ഹോസ്റ്റലിൽ ചേര്‍ക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ അന്ന് അച്ഛന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തിരുന്നു. ഫോണിലെ മെമ്മറി കാർഡ് കേടു വന്നതോടെ ആ ഫോട്ടോയും പോയി. അങ്ങനെ പിന്നെ എന്റെ പ്രസ് അക്കാദമി കാലത്ത് ഒരു ജൂൺ ഒന്നിനാണ് "അച്ഛൻ ഐ സി യൂ വില്‍ ആണ് ആതിര കുട്ട്യേ, നിന്നെ കാണണംന്നാ പറയണേ..... നീ വേഗം ഇങ്ങ് വായോ"........എന്ന് ഒരു ഫോൺ കോൾ വരുന്നത്. മേമേടെ ആ കോൾ കട്ടാക്കി റൂംമേറ്റ് പൂജയോടും പിന്നെ കാ൪ത്തികേച്ചിയോടും കാര്യം പറഞ്ഞ് നേരെ ഹോസ്റ്റ്ലിൽ നിന്ന് ഇറങ്ങി തൃശ്ശൂര്‍ ബസ് പിടിച്ചു....
ബസിലെ സീറ്റിലിരുന്ന് ആലോചിച്ച് കൂടിയതത്രയും അച്ഛന്റെ മുഖമായിരുന്നു..... ഒരു ആഴ്ച മുന്‍പ് അവധിക്ക് വന്നപ്പോള്‍ കണ്ടതാണ്...അന്ന് അസുഖ വിവരം അറിഞ്ഞതിൻ്റെ ഞെട്ടലിലായിരുന്നു എല്ലാരും....വല്ലാത്ത ഒരു മൂകത....ക്യാൻസർ നോട് ഉള്ള അച്ഛന്റെ ഭീതി അസുഖം മൂര്‍ച്ഛിക്കുന്നതിലേക്ക കാര്യങ്ങൾ എത്തിച്ചു......ക്യാൻസറിൻ്റെ അസഹ്യമായ വേദനകളിൽ അച്ഛൻ പിച്ചും പേയും പറയുന്നത് കേട്ട് പേടിച്ച് കരഞ്ഞ എന്നെ എല്ലാരും വഴക്ക് പറഞ്ഞു..... ഇങ്ങനെ കരയാന്‍ ആണേല് നീ നാളെ തന്നെ ഹോസ്റ്റലില്‍ക്ക് തിരികെ പൊക്കോ എന്ന് കേട്ടപ്പോ പാതി ബോധത്തില്‍ എന്റെ കൈയില്‍ പിടിച്ച് അച്ഛൻ പറയുന്നുണ്ടായിരുന്നു "അച്ഛന്റെ മോള് എങ്ങോട്ടും പോകണ്ടാന്ന്........."
പിറ്റേന്ന് ആദ്യത്തെ റേഡിയേഷനു വേണ്ടി അച്ഛനും അമ്മയും ഞാനും ചിന്തോയിയും ഓട്ടോയില്‍ തൃശൂർക്ക് പോയപ്പോഴും......അവർ എന്നെ ബസ് സ്റ്റാന്‍ഡിൽ ഇറക്കി ഹോസ്റ്റലില്‍ക്ക് യാത്ര ആക്കിയപ്പോഴും... ഇത്തവണ അച്ഛന്റെല് പൈസ ഇല്ലാന്ന് പറഞ്ഞിട്ടും വഴി ചെലവിന് 100 രൂപ എന്റെ കൈയില്‍ തന്ന അച്ഛനെ കണ്ണില്‍ന്ന് മായും വരെ നോക്കി നിന്നപ്പോഴുമൊന്നും............ ഒന്നും എനിക്ക് അറിയില്ലായിരുന്നു
അതായിരുന്നു അവസാനത്തെ കാഴ്ച എന്ന്........
അതായിരുന്നു അച്ഛനോടൊപ്പമുള്ള ഞങ്ങളുടെ അവസാനത്തെ യാത്ര എന്ന്... 💔
പെട്ടെന്നുള്ള അച്ഛന്റെ ആ പോക്ക് എന്റെ ജീവിത്തില്‍ ഉണ്ടാക്കിയ ആഘാതം ചെറുതൊന്നുമല്ലെന്ന് എന്നെ അടുത്ത് അറിയാവുന്ന കുറെ പേര്‍ക്ക് അറിയാം. ഒരിക്കൽ പോലും അങ്ങനെയൊരു വേര്‍പാടിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. ഇടക്ക് എനിക്ക് ഇപ്പഴും തോന്നും അച്ഛന്റെ എന്ന് പറയാന്‍ നല്ല കുറച്ച് ഫോട്ടോസോ വീഡിയോസോ ഒന്നും എനിക്ക് എടുത്ത് വെക്കാൻ പറ്റിയില്ലല്ലോയെന്ന്.
അച്ഛൻ പോയതിന് ശേഷം ഒരു ആറ് മാസം തികയും മുന്നേ തന്നെ അമ്മയ്ക്കും ക്യാൻസർ സ്ഥിരീകരിച്ചു. അമ്മ പക്ഷേ മനോധൈര്യം കൊണ്ട് കുറെ കാലം ക്യാൻസറിനോട് പൊരുതി. സത്യം പറഞ്ഞാല്‍ എല്ലാ കാര്യത്തിലും അമ്മയോളം ധൈര്യമുള്ളൊരാളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല. വീഴും തോറും വീണ്ടും വീണ്ടും എഴുനേറ്റ് നടക്കാൻ ശ്രമിയ്ക്കണമെന്ന് ഞാൻ പഠിച്ചത് അമ്മയില്‍ നിന്നാണ്. അമ്മ ഉള്ള സമയത്ത് ഇത് പോലെ ഒരു ബന്ധുവിന്റെ കല്യാണത്തിന് ഞാനും അമ്മയും അനിയനും കൂടി നല്ലൊരു ഫോട്ടോ എടുത്തിരുന്നു. അതും കൃഷ്ണേട്ടൻ തന്നെയാണ് എടുത്ത് തന്നത്. എനിക്കേറെ ഇഷ്ടമുള്ളൊരു പടം കൂടിയാണത്. അത് കൂടാതെ രോഗത്തിന്റെ അവശതയിൽ മുടി ഒക്കെ പോയി സാധാരണ വീട്ടില്‍ നില്‍ക്കുന്ന രൂപത്തില്‍ കുറച്ച് ഫോട്ടോസ് കൂടി ഉണ്ട് അമ്മേടെ എന്ന് പറയാന്‍. അമ്മ മരിച്ചപ്പോഴും അച്ഛന്റെ ഫോട്ടോയ്ക്കരികിൽ വെക്കാൻ പാകത്തില്‍ അമ്മയുടേയും ഒരു ഫോട്ടോ ഫ്രെയിം ചെയ്തിരുന്നു. ആരോഗ്യമുള്ള സമയത്ത് മുടി ഒകെ ഉള്ള അമ്മയുടെ നല്ലൊരു പടമാണ് അതിനു വേണ്ടി ഉപയോഗിച്ചത്.
കുറെ കാലത്തേക്ക് അവരില്ലായ്മയെ അതിജീവിയ്ക്കാൻ വലിയ പ്രയാസമായിരുന്നു. പിന്നെ പിന്നെ പതിയെ മനസ്സ് അതിനോട് പാകപ്പെട്ടു. എങ്കിലും ഇടക്ക് പലപ്പോഴും എനിക്ക് അവരെ വല്ലാതെ മിസ്സ് ചെയ്യാറുണ്ട്. ഒന്ന് കാണണമെന്നും മിണ്ടണമെന്നുമൊക്കെ തോന്നാറുണ്ട്. അപ്പൊഴൊക്കെ ഫോണ്‍ ഗ്യാലറിയിൽ നിന്നും ഈ ഫോട്ടോകള്‍ എടുത്ത് നോക്കും. അപ്പൊ തോന്നും അവരുടെ എന്ന് പറഞ്ഞ് ഓര്‍ക്കാന്‍ ഇത് മാത്രമല്ലേ ഉള്ളൂ എന്ന്... പിന്നെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് കൃഷ്ണേട്ടനും പെട്ടെന്നങ്ങ് പോയി.
സത്യത്തിൽ നമ്മുടെ ഒക്കെ ഫോണുകളിൽ വെറുതെ ആണെങ്കിലും നമ്മൾ എടുത്ത് വെക്കുന്ന ചില ഫോട്ടോകള്‍ക്കൊക്കെ കുറെ കാലം കഴിഞ്ഞ് നോക്കുമ്പോ വല്ലാത്ത ഒരു ഫീൽ ആണ്. പൊതുവെ ഒരുപാട് ഫോട്ടോസും വീഡിയോസുമൊക്കെ എടുത്ത് ഡോക്യുമെന്റ് ചെയ്യാൻ ഇഷ്ടമുള്ള എന്നെ അതിന്റെ പേരില്‍ ഒത്തിരി പേര് കളിയാക്കിയിട്ടുണ്ട്. കണ്ണില്‍ കണ്ടത് മുഴുവൻ ഫോട്ടോ എടുത്ത് ഇട്ട് ഇങ്ങനെ വെറുപ്പിയ്ക്കുന്നത് എന്തിനാ എന്ന് ചോദിച്ച്. ഞാൻ എടുക്കുന്ന ഓരോ ഫോട്ടോസും വീഡിയോസും എഴുതുന്ന ഓരോ വരികളും എനിക്ക് എന്നോളം പ്രിയപ്പെട്ടതാണ്. നാളെകളിൽ ഓർത്ത് രസിയ്ക്കാൻ ഞാൻ ഉണ്ടാക്കിയെടുക്കുന്ന നല്ലൊരുപിടി ഓർമ്മകളാണ്. ഇവിടെ ഞാൻ ഉണ്ടായിരുന്നുവെന്നതിൻ്റെ അടയാളപ്പെടുത്തലുകളാണ്. 🐾
Comments
Post a Comment