ആദ്യത്തെ ഫോൺ

ജനിച്ചതും വളര്‍ന്നതുമൊക്കെ ഒരു ഇടത്തരം കുടുംബത്തിലായതോണ്ട് തന്നെ  ആഗ്രഹിച്ച കാര്യങ്ങളെല്ലാം ഉടനടി ഒന്നും സാധിച്ചതായി ഓര്‍മയിലില്ല.  എന്ന് കരുതി ഒന്നും നടക്കാതെയും ഇരുന്നിട്ടില്ല. പണ്ട്‌ ടച്ച് ഫോൺ ഒക്കെ ഇറങ്ങിയ സമയത്ത്, ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചൊരു കാര്യം അതൊരെണ്ണം വാങ്ങണമെന്നതായിരുന്നു. അന്നൊക്കെ ലാന്‍ഡ് ഫോണുകളുടെ കാലമാണ്. മേമേടേം പ്രമിളേച്ചീടേം ഒക്കെ വീടുകളിൽ അന്ന് ലാന്‍ഡ് ഫോൺ ഉണ്ടായിരുന്നു. അതിന്റെയൊക്കെ നമ്പർ ഇപ്പഴും ഓര്‍മ്മയിലുണ്ട്. പിന്നെ ഇടക്ക് പാപ്പന്‍ ഗൾഫിൽ നിന്ന് വരുന്ന സയയത്താണ്‌ Nokia, Sony Ericsson ഇതിൻ്റെയൊക്കെ കീപാഡ് ഫോണുകൾ കൊണ്ട് വന്ന് കണ്ടിട്ടുള്ളത്. ടച്ച് ഫോൺ ഒന്നും അങ്ങനെ ആരുടെയും കൈയിൽ കണ്ടിട്ട് പോലുമില്ല. അന്നൊക്കെ അതിന്റെ ഉപയോഗമൊന്നും വലിയ വശമില്ല. എന്നാലും അത് കാണുന്നത് തന്നെ വല്യ കൗതുകമായിരുന്നു. ടച്ച് ഫോൺ ഒക്കെ വാങ്ങാൻ കുറെ കാശ് വേണം.  അതോണ്ട് തന്നെ നമ്മളെ വീട്ടില്‍ അതൊന്നും വാങ്ങൽ ഉണ്ടാവില്ലാന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു. അന്നൊക്കെ മലയാള മനോരമ പത്രത്തില്‍ Samsung Galaxy  ഫോണുകളുടെ പരസ്യങ്ങൾ കാണുമ്പോ അതിലെ ഫോണിന്റെ പടം വെട്ടി എടുത്ത് സൂക്ഷിച്ച്‌ പുസ്തകങ്ങള്‍ക്കുള്ളിൽ സൂക്ഷിച്ച് വെച്ചിരുന്നു. 

             അങ്ങനെ ഇരിക്കെയാണ് കാട്ടൂര്‍ സ്ക്കൂളിൽന്ന് പ്ലസ് ടു ഒക്കെ കഴിഞ്ഞ് നേരെ ഡിഗ്രിക്ക് കേരള വര്‍മ്മ കോളേജിലേക്ക് എത്തുന്നത്. കാട്ടൂരിനപ്പുറത്തേക്ക് വിശാലമായൊരു  ലോകമുണ്ടെന്ന തിരിച്ചറിവിന്റെ തുടക്ക യാത്രയായിരുന്നു അത്. അന്നൊക്കെ ത്രിശ്ശൂർക്ക് പോക്ക് വളരെ കുറവാണ്. അമ്മേടോ മേമേടോ വീട്ടിലേക്ക് എന്തേലും വിശേഷങ്ങൾക്കോ അവധിക്കോ പോകുമ്പോൾ മാത്രമാണ്  ത്രിശ്ശൂർ കാണുന്നത്. അല്ലെങ്കിൽ പിന്നെ എന്റെ ചെവി കാണിക്കാന്‍ പൂങ്കുന്നത്തുള്ള  ഇ.എൻ.ടി. ഡോക്ടറെ കാണാന്‍ പോകുമ്പോ. 

         വീട്ടില്‍ നിന്ന് ഏതാണ്ട് 25 കിലോമീറ്റർ ദൂരമുണ്ട് കോളേജിലേക്ക്. വീടിനടുത്തുള്ള നാട്ടിക എസ്. എൻ. കോളേജിൽ ബി. എ. എക്കണോമിക്സിന് ചേരാനാണ് ആദ്യം കാർഡ് വന്നത്. പക്ഷേ എനിക്ക് ഇഷ്ടം ബി. എ മലയാളമായിരുന്നു. കേരള വർമ്മയിൽ എനിക്ക് അതിന് സീറ്റും കിട്ടി.  അതിൽ പിന്നങ്ങോട്ട്  തൃശ്ശൂർക്കുള്ള യാത്രകള്‍ പതിവായി. 

             കോളേജ് ജീവിതം എനിക്ക് ശരിക്കും ഒരു പുതിയ അനുഭവമായിരുന്നു. അവിടെ വെച്ചാണ് ഒരു ടച്ച് ഫോൺ ഉള്ള കൂട്ടുകാരിയെ കിട്ടുന്നത്. വെള്ള കളറിലുള്ള Samsung Galaxy യുടെ ഒരു കുഞ്ഞ് ഫോണായിരുന്നു അവളുടേത്. കോളേജിലെ ഓരോ പരിപാടികള്‍ക്കും ഞങ്ങൾ അതിൽ കുറെ ഫോട്ടോസൊക്കെ എടുക്കും. 29 രൂപയുടെ നെറ്റ് റീചാർജ്ജ് ചെയത് ഫേസ് ബുക്ക് ഒക്കെ നോക്കും. കോളേജ് കാലത്താണ്‌ ആദ്യമായൊരു ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നത്. അത് തന്നെയാണ്‌ ഇപ്പഴും ഉപയോഗിക്കുന്നതും. അവളുടെ കൈയിലെ ആ ഫോണില്‍ നിന്നാണ് അത് എങ്ങനെ ഉപയോഗിക്കണമെന്നൊക്കെ പഠിച്ചത്. 
          
          പിന്നീട് കോളേജ് കഴിഞ്ഞ് പ്രസ്സ് അക്കാദമിയുടെ എൻട്രൻസ് എഴുതി അവിടെ ചേര്‍ന്നു. അന്നും ഇന്നും എന്നും നാടും വീടും എനിക്ക് വളരെ പ്രിയപ്പെട്ടൊരിടമാണ്. ഇന്നിപ്പോ കേറി ചെല്ലാൻ ആ പഴയ വീടും എന്റെയെന്ന് പറയാനുള്ള മനുഷ്യരും ഏറെ കുറെ അവിടെയില്ല.  എന്നിട്ടും ആഴ്ചയിൽ ഒരു തവണ എങ്കിലും അവിടെ പോകും. അങ്ങനെ ഉള്ള ഞാൻ ജീവിതത്തില്‍ ആദ്യമായി വീട് വിട്ട് മാറി നില്‍ക്കുന്നത് അന്ന് പ്രസ്സ് അക്കാദമിയിൽ ചേര്‍ന്ന കാലത്താണ്. എന്നെ ഹോസ്റ്റലിലാക്കാൻ അച്ഛനും അമ്മയും അനിയനുമൊക്കെ വന്നിരുന്നു. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച അനിയന്‍ അന്ന് ചെറിയ പണികള്‍ ഒക്കെ ചെയത് അവന് കിട്ടിയ പൈസ കൂട്ടി വെച്ച് ഞാൻ ഹോസ്റ്റലിലേക്ക് വരുന്നതിന്റെ തലേന്ന് Samsung Galaxy യുടെ ഒരു കുഞ്ഞ് ഫോൺ വാങ്ങിയിരുന്നു. അവന് വേണ്ടി അവന് ആശിച്ചു വാങ്ങിയ ഒന്നാണ്. അന്ന് രാത്രി ബാഗ് ഒക്കെ പാക്ക് ചെയ്തു കഴിഞ്ഞ് ഞാനും അവനും ഇരുന്ന് ആ ഫോണില്‍ എല്ലാം സെറ്റ് ചെയ്ത് ശരി ആക്കി. ഉപയോഗിക്കേണ്ട രീതിയൊക്കെ പറഞ്ഞ്‌ കൊടുത്തു. നല്ല ഭംഗിയുള്ള ഒരു പിങ്ക് കളർ കവറും അവന്‍ അതിന് വാങ്ങി ഇട്ടിരുന്നു. അങ്ങനെ പിറ്റേന്ന്‌ എന്നെ ഹോസ്റ്റലിൽ ആക്കി മടങ്ങാന്‍ നേരം അവിടെ വന്നവരിൽ പലരും  കൈയിൽ ഒരു ഫോൺ വെക്കുന്നത് കണ്ടു. വീട്ടിലേക്ക് വിളിക്കാൻ ആണ്. അത് കണ്ടതോടെ അമ്മ എനിക്ക് അമ്മേടെ കീ പാഡ് ഫോൺ തന്നിട്ട് എന്നോട് അത് വെച്ചോ എന്ന് പറഞ്ഞു. യാത്ര പറഞ്ഞ്‌ അവർ കാറിൽ കേറാന്‍ നേരം എന്റെയും അവരുടെയും കണ്ണ് നിറഞ്ഞു ഒഴുകാന്‍ തുടങ്ങി. പെട്ടന്ന് എന്റെ അനിയന്‍ അവന്റെ ആ പുതിയ ഫോൺ എനിക്ക് തന്നിട്ട് പറഞ്ഞു 'എടീ നീ ഇത് എടുത്തോ, എനിക്ക് ഇത് വേണ്ട എന്ന്'. അവന്‍ അത്രക്ക് ആശിച്ചു വാങ്ങിയ ഒരു സാധനം ഉപയോഗിച്ച് കൊതി പോലും മാറും മുമ്പ് എനിക്ക് തന്നപ്പോള്‍ പെട്ടന്ന് തന്നെ ഞാൻ അത് വേണ്ടന്ന് പറഞ്ഞു. പക്ഷേ അവൻ അപ്പോഴേക്കും അതിലെ അവന്റെ സിം ഒകെ മാറ്റി എനിക്ക് അത് തന്നു. വേണ്ട ഉണ്ണ്യേ, നീ എടുത്തോ അത് ന്ന് വീണ്ടും വീണ്ടും പറഞ്ഞപ്പോ, അവന്‍ പറഞ്ഞത് ഇവിടെ എല്ലാവരേം കൈയിൽ നീ കണ്ടാ ഇങ്ങനത്തെ ഫോൺ ആണ്. അതോണ്ട് നീയും ഇത് എടുത്തോ അവരുടെ മുന്നില്‍ നീ ഈ പഴയ ഫോൺ ഉപയോഗിയ്ക്കണ്ടാന്ന്. കണ്ണ് കൂടുതൽ നിറഞ്ഞ്‌ ഒഴുകാന്‍ തുടങ്ങി. അവരുടെ കാർ ഓടി മറയുന്നത് കരഞ്ഞ് കൊണ്ട്‌ ഞാൻ നോക്കി നിന്നു. അന്നങ്ങനെ വളരെ അപ്രതീക്ഷിതമായി കുറെ ആഗ്രഹിച്ച ഒരു കാര്യം എന്റെ കൈയിൽ കിട്ടി. സന്തോഷത്തേക്കാളേറെ സങ്കടം തോന്നി. എന്നാലും അന്ന് ആ ചെറിയ പ്രായത്തിൽ അവനത് എനിക്ക് തരാൻ കാണിച്ച മനസ്സ് പറയാതെ വയ്യാ.അതായിരുന്നു ഞാൻ ഉപയോഗിച്ച ആദ്യത്തെ ഫോൺ. പിന്നീട് അങ്ങോട്ട് പഠിച്ച് ജോലി ഒക്കെ കിട്ടി സ്വന്തമായി ഫോണൊക്കെ വാങ്ങിയെങ്കിലും,അന്നത്തെ ആ ഫോൺ കഥ ഇന്നും മനസ്സിലുണ്ട്. അല്ലേലും നമുക്ക് ഏറെ ഇഷ്ടപ്പെട്ടൊന്ന് നമ്മൾ മറ്റൊരാള്‍ക്ക് വേണ്ടി മാറ്റി വെക്കുന്നുണ്ടെങ്കിൽ അയാൾ നമുക്ക് അത്രമാത്രം പ്രിയപ്പെട്ടതായിരിയ്ക്കുമല്ലോ. വളരും തോറും ഇങ്ങനെ എത്ര എത്ര നല്ലതുകളാണ് നമ്മളെ കടന്ന് പോയതെന്ന് ഓര്‍ക്കുമ്പോ ഉള്ളു വിങ്ങുന്നുണ്ട് 💔

*ഫോട്ടോയിൽ അന്നത്തെ ആ ഫോണും ഉണ്ട്.

Comments

Popular posts from this blog

കലാപ്പൂരം

നാം നടന്ന കാലം

അമ്മയോർമ്മകൾ