വീട്

അന്നും ഇന്നും തണുപ്പ് സഹിക്കാൻ പറ്റാത്തൊരാളാണ് ഞാൻ. പണ്ടൊക്കെ  ഡിസംബർ മാസം ആയാൽ  വെളുപ്പാൻ കാലത്തെ തണുപ്പ് പ്രതിരോധിക്കാൻ വേണ്ടി നേരെ ചെന്ന് വിറകടുപ്പിൻ്റെ മുന്നില്‍  ഒറ്റ ഇരിപ്പാണ്. അപ്പോഴേക്കും വീട്ടില്‍ ആരെങ്കിലും നേരത്തെ എണീറ്റു മുറ്റത്തേം പറമ്പിലേം ചവറൊക്കെ അടിച്ചു കൂട്ടിയിട്ടുണ്ടാകും. അന്നൊക്കെ പറമ്പ് നിറച്ച് പ്ലാവുണ്ടായിരുന്നു. നാട്ടില്‍ ആരേലും ഗൾഫിൽ പോകുന്നുണ്ടെങ്കില് ചക്ക വറുത്ത് കൊടുത്തു അയയ്ക്കാനായി അച്ഛമ്മോട് ചക്ക ചോദിച്ച് വരും. പ്ലാവ് മത്രമല്ല പുളിയും മാവും മഞ്ജാടി മരവും ഉഴുന്നുണ്ടിയുമൊക്കെ ചേര്‍ന്ന് കുറെ മരങ്ങളുണ്ടായിരുന്നു പറമ്പില്‍. എല്ലാത്തിന്റെയും ഇല അടിച്ചു കൂട്ടി കൂന ആക്കി ഓരോ സ്ഥലത്തും  ഇട്ടിട്ടുണ്ടാകും. അടുപ്പിന്റെ മൂട്ടീന്ന് ഞാൻ നേരെ എണീറ്റു പോകുന്നത് അതിന്റെ അടുത്തേക്ക് ആകും. ബ്രഷിൻ്റോ ഷിപ്പിൻ്റോ  തീപ്പെട്ടി കൂടും ഒരു പിടി ഓലക്കുടിയും കൈ പിടിക്കും. എന്നിട്ട് ചെന്ന്  ആ ചവറൊക്കെ അങ്ങ് കത്തിയ്ക്കും. അച്ഛാഛനും ഉണ്ടാകും കൂട്ടിന്. കാറ്റത്ത് ചവറു കത്തി ചാരം മേലേക്ക് പറക്കുന്നും നോക്കി ആ ചൂടും കൊണ്ട്‌ ഇരിക്കാൻ എന്തൊരു സുഖമാണെന്നോ. ഓരോന്ന് കത്തി തീരാറായി എന്ന് കാണുമ്പോ അതിൽ നിന്ന്  ഓലക്കുടിയിൽ ഇച്ചിരി തീ പകർന്ന് അടുത്തതിലേക്ക് പോകും.

               തീ കായല്‍ ഒക്കെ കഴിഞ്ഞാല്‍ പിന്നെ നേരെ കുളിക്കാന്‍ ഓടും. കുളി കഴിഞ്ഞ് വന്ന ഉടൻ വെറും വയറ്റിൽ കഴിക്കാൻ അമ്മാമ്മ നെയ്യ് തരും. ശബരിമലയില്‍ നിന്ന് നെയ് നിറ കൊടുത്ത് വിട്ടതിനുള്ള പ്രസാദമായി കിട്ടുന്ന നെയ്യ് ആണത്. അന്നൊക്കെ ആര് മലക്ക് പോകുന്നുണ്ടോ അവരുടെ കൈയിൽ അമ്മാമ്മ  നെയ്യ് നിറ കൊടുത്ത് വിടും. മിക്കവാറും  എന്നെ കൊണ്ടോ പാപ്പന്റെ മോനെ കൊണ്ടോ ആയിരുന്നു നെയ്യ് നിറപ്പിച്ചിരുന്നത്. കുട്ടിക്കാലത്ത് അങ്ങനെ കുറെ കെട്ട് നിറ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഇന്ന് അതൊക്കെ കുറഞ്ഞു. 

                  ഈ തണുപ്പ് കാലത്ത് തന്നെയാണ്‌ പണ്ട്‌ വീടിന്റെ ഉമ്മറത്തും പിന്നാമ്പുറത്തും കളം മെഴുകിയിരുന്നത്. ഓർമ്മകളുടെ ഭൂതകാലക്കുളിരിൽ ഏറ്റവും പ്രിയപ്പെട്ട ഒന്ന് കൂടി ആയിരുന്നു അത്. വീട്ടില്‍ എല്ലാരും കളം മെഴുകാൻ കൂടുമെങ്കിലും അച്ഛാഛനും അമ്മയുമായിരുന്നു മെയിന്‍. പൊടി കാറ്റ് കൂടുതൽ ഉള്ള കാലമല്ലേ, കളം ഉണ്ടാക്കി കഴിയുന്നതോടെ പൊടി ശല്യം അങ്ങ് കുറയും. നല്ല മണ്ണ് കുഴച്ച് മുറ്റം മുഴുവൻ അത് അടിച്ച് പരത്തി ആ മണ്ണ് മുഴുവൻ തേമ്പി ഒന്നാം തരം കളം ഉണ്ടാക്കി എടുക്കുന്നത് കാണാന്‍ നല്ല ചേലായിരുന്നു. ഒരു കുഞ്ഞ് അമ്മിക്കുഴയോ   (അമ്മി കല്ല് ) കൊലരോ ഉപയോഗിച്ചാണ് കളം തേമ്പി മിനുസപ്പെടുത്തിയിരുന്നത്. എങ്ങാനും മഴ പെയ്ത വെള്ളം അകത്ത് കടക്കാതെ ഇരിക്കാൻ നാല് പുറവും വരമ്പും ഉണ്ടാക്കും. അത് ഉണങ്ങുന്നത് വരെ പിന്നെ ആര്‍ക്കും അതിലെ പ്രവേശനമില്ല. അറിയാതെ എങ്ങാനും അതിൽ ചവിട്ടി പോയ ഉഷമ്മേടെ കൈയ്യിൽന്ന് നല്ലത് കിട്ടും. അടി ആയിട്ടും ചീത്ത ആയിട്ടും. അത് പേടിച്ച് ഞങ്ങള്‍ ആരും ആ സാഹസത്തിന് മുതിരാരില്ല. എന്നാൽ ഈ പ്രവേശന വിലക്കിനെ പറ്റിയൊന്നും വല്യ ധാരണയില്ലാത്ത ചിലര്‍ അന്നൊക്കെ വീട്ടില്‍ ഉണ്ടായിരുന്നു. ഉഷമ്മയുടെ പൊന്നോമന കോഴികളായിരുന്നു അതിൽ ആദ്യത്തെ കൂട്ടർ എങ്കിൽ, അയൽ വീടുകളിലെ പട്ടികളോ പൂച്ചകളോ ആയിരുന്നു അടുത്ത കൂട്ടർ. അവര്‍ക്ക് ഈ കളം പണിയുടെ പിന്നിലെ അദ്ധ്വാനത്തെ കുറിച്ചൊന്നും വല്യ പിടിയില്ലാത്തത് കൊണ്ട്‌ തന്നെ നേരെ വന്നങ്ങ് കാല് കൊണ്ട്‌ കുറെ ഡിസൈൻ വർക്ക് ഇട്ട് പോകും. കോഴി ആണേ പിന്നെ പറയണ്ട കാല് കൊണ്ട്‌ മാത്രമല്ല കൊക്ക് കൊണ്ടും കളം കുളമാക്കാറുണ്ട്. അപ്പോഴേക്കും ഒച്ച എടുത്ത് അവരെയൊക്കെ ഓടിച്ച് വിടും അച്ഛാഛനും ഉഷമ്മേം. നല്ല പകൽ വെയില്‍ കൊണ്ട്‌ കളം ഉണങ്ങിയാൽ പിന്നെ നേരെ അതിൽ ചാണകം കൂടി മെഴുകും. പഴയ ടോര്‍ച്ചിലും റേഡിയോയിലുമൊക്കെ ഉപയോഗിച്ചിരുന്ന വലിയ ബാറ്ററിയുടെ ഉള്ളിലെ ഒരു കറുത്ത സംഭവവും കൂടി ഈ ചാണകത്തിൽ ചേര്‍ക്കാറുണ്ടായിരുന്നു. അപ്പൊ കളത്തിന് നല്ല കറുത്ത നിറം കിട്ടും . പിന്നീട് ഉള്ള ഞങ്ങളുടെ കല്ല് കളിയും കവടി കളിയും തീപ്പെട്ടി പട്ടം കളിയുമെല്ലാം ആ കളത്തിലിരുന്നാണ്. പിന്നാമ്പുറത്തെ കളത്തില്‍ രണ്ട് അടുപ്പും കൂടി ഉണ്ടാകും. അതും അച്ഛാഛനാണ് ഉണ്ടാക്കിയിരുന്നത്. അതിൽ ഒന്നിലാണ് കുളിക്കാന്‍ ഉള്ള വെള്ളം ചൂടാക്കിയിരുന്നത്. പിന്നെ ഒന്നില്‍ പുളിങ്കുരു, അയിനി ചക്കക്കുരു, കശുവണ്ടി ഇതൊക്കെ ചുട്ടെടുക്കും, അവിടെ ഇരുന്നും ഞങ്ങള്‍ പിള്ളേര് സെറ്റ് കളിക്കും. ഡിസംബർ 29 ആയ പിന്നെ പൊഞ്ഞനത്തമ്മേടെ വേല ആണ്. അതിനു അമ്മായിമാരും മക്കളും വരും. അതോടെ ഞങ്ങള്‍ പിള്ളേര് സെറ്റിൻ്റെ കളി കൊഴുക്കും. മണ്ണിനേം മരങ്ങളേം മനുഷ്യനേം മനസ്സ് നിറച്ച് സ്നേഹിച്ചിരുന്നൊരു കുട്ടിക്കാലത്തിൻ്റെ ശേഷിക്കുന്ന ഓര്‍മ്മകളായി മാറി ഇന്നിതെല്ലാം.

#nostalgia
#ChildhoodMemories
#village

Comments

Popular posts from this blog

കലാപ്പൂരം

അമ്മയോർമ്മകൾ

കുട്ടിക്കാലം