പലർക്കും പ്രെഗ്നൻസി കാലം എന്നത് ഏറ്റവും സന്തോഷം നിറഞ്ഞ ഒന്നായിരിക്കും.. ഇഷ്ടങ്ങളുടെ ലിസ്റ്റുകള്‍ ഒന്നൊന്നായി നിറവേറ്റി തരാന്‍ പ്രിയപ്പെട്ടവര്‍ മത്സരിക്കുന്ന ഒരു സമയമാണത്.. ഇഷ്ടപ്പെട്ട ഭക്ഷണം.. പുസ്തകം...കുഞ്ഞു യാത്രകള്‍... പാട്ടുകൾ... അങ്ങനെ അങ്ങനെ  ഇഷ്ടാനുസരണം ഒരുപാട്‌ ആഗ്രഹങ്ങള്‍ സാധിച്ചു കിട്ടുന്ന ആ പത്ത് മാസക്കാലം ശെരിക്കും വല്ലാത്തൊരു അനുഭവം തന്നെയാണത്. എന്നാൽ ചിലര്‍ക്ക് എങ്കിലും ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാലമായിരിക്കും അത്.. എന്റെ പ്രെഗ്നൻസി കാലത്തെ ഏറ്റവും ഭീകരമാക്കിയത് എന്റെ ശർദ്ധി തന്നെ ആയിരുന്നു...വാള് വെപ്പ് എന്ന് പറഞ്ഞാല്‍ അമ്മാതിരി വാള് വെപ്പ് ആയിരുന്നു...ആദ്യത്തെ സ്കാനിങ് ന് പോയിട്ട് ഞാൻ കുറെ കരഞ്ഞ കാര്യം ആണ് ആദ്യം ഓർമ്മ വരുന്നത്‌.. വെള്ളം നല്ല പോലെ കുടിച്ച മാത്രേ കാര്യമുള്ളൂന്നും പറഞ്ഞിട്ട്  കുടിച്ച വെള്ളമത്രയും അതിന്റെ ഇരട്ടി ആയി ശർദ്ധിച്ച് ശർദ്ധിച്ച് ഒടുക്കം അരുണ്‍ന്റെയും മേമേടെം അടുത്ത് ഇരുന്നു കരച്ചില്‍ ആയി ഞാൻ... അന്ന് ആ ഡോക്ടർ പുള്ളി എന്നോട് ചോദിക്കാ എന്തേ താന്‍ വെള്ളം ഒന്നും കുടിക്കാതെ ആണോ ഇങ്ങോട്ട് പോന്നത് എന്ന്...അന്നത്തെ എന്റെ നിസ്സഹായാവസ്ഥ ആര്‍ക്കും മനസിലായില്ല... ശർദ്ധിച്ച് അങ്ങനെ ഊപ്പാടിളകി നിക്കണ സമയത്ത്  ക്ഷീണം മാറ്റാന്‍ ഗ്ലൂക്കോസ് ഒക്കെ കേറ്റി ആശുപത്രി വാസം നടത്തി... അസറ്റോണിൻ്റെ അളവ്‌ കൂടുന്നത് ശെരി ആകാതെ ഡിസ്ചാര്‍ജ് ചെയ്ത പിന്നെയും ഇങ്ങനെ തന്നെ വന്നു കിടക്കേണ്ടി വരും എന്ന് ഡോക്ടര്‍ പറഞ്ഞു... ഹോ കുത്തി കുത്തി ഇനി കുത്താൻ  ഞരമ്പ് വരെ ഉണ്ടാകോന്ന്  തോന്നിയ ദാറ്റ് ഹൊറിബിൾ മൊമൻ്റ്... അങ്ങനെ 11 ദിവസത്തെ ആശുപത്രി വാസത്തിനൊടുക്കം തിരിച്ചു വീട്ടില്‍ വന്നു കേറിയ ഉടനെ തന്നെ ദേ വീണ്ടും വാള് വെപ്പ്  തുടങ്ങിയതോടെ എന്റെയും അരുണ്‍ന്റെയും കിളി പോയി.
... ഹോസ്പിറ്റല്‍ ബില്ല്‌ പേടിച്ച് ഞാൻ പിന്നെ ആ ഹോസ്പിറ്റലിലേക്ക് പോയേ ഇല്ല...

                      മറ്റൊരു അൺസഹിയ്ക്കബിൾ സംഗതി എന്താന്ന് വെച്ചാൽ ഇതിന്റെ എല്ലാം ഉത്തരവാദി പ്രോഡൂസർ മിസ്റ്റർ അരുണ്‍ന്റെ സ്മെല്ല് അടുത്തേക്ക് വരുമ്പോ തന്നെ എനിക്ക് ഓക്കാനവും ശർദ്ധിയും വരും എന്നുള്ളതായിരുന്നു... അത് മാറാൻ ഏതാണ്ട് നാല് മാസം എടുത്ത്... അന്ന് അരുണ്‍ന്റെ പിറന്നാള്‍ ദിവസം ആയിരുന്നു... എന്നെ അമ്മാമ്മേടെ അടുത്ത് ആക്കിയിട്ട് മറ്റൊരു  ഫങ്ഷന് പോയി തിരിച്ച് വന്നപ്പോ എന്റെ അടുത്തേക്ക് വരാതെ വാതിലിന്റെ അവിടെ നിന്ന് "ശർദ്ധി ഒന്നും ഉണ്ടായില്ലല്ലാ" എന്ന് ചോദിക്കണ കേട്ടപ്പോ സങ്കടം വന്നു എനിക്ക്... ആദ്യമായിട്ടാണ് ആഘോഷങ്ങള്‍ ഇല്ലാതെ ഇങ്ങനെ ഒരു പിറന്നാള്‍...ഒരു മിഠായി പോലും വാങ്ങി കൊടുക്കാന്‍ പറ്റിയില്ല എനിക്ക്... "ഇന്ന് പിറന്നാള്‍ അല്ലേ കുഞ്ഞാ" എന്ന്‌ ചോദിച്ചപ്പോള്‍ "ഉവ്വാ എന്തൂട്ട് പിറന്നാള്‍, എനിക്ക് നിന്റെ ഈ അവസ്ഥ കാണുമ്പോ പിറന്നാള്‍ ഒന്നും അല്ല വല്യ കാര്യം.. അതൊക്കെ പിന്നെ"  എന്ന് പറഞ്ഞു അരുണ്‍...."ഒന്ന്‌ എന്റെ അടുത്തേക്ക് വന്നേ എന്ന് പറഞ്ഞപ്പോ" "വേണ്ട നീ വാള് വെച്ച ശെരി ആവില്ലാന്ന്" പറഞ്ഞു ആ വാതിലിന്റെ അവിടെ തന്നെ നിന്നു.. ലാസ്റ്റ് ഞാൻ നിര്‍ബന്ധിച്ചപ്പോ" "എന്തേ പെണ്ണേന്നും" പറഞ്ഞ് അടുത്ത് വന്ന്‌.. അപ്പൊ ഞാൻ വയറ്റിലെ കുഞ്ഞി പീക്കിരിയോട് പറഞ്ഞു രണ്ടും കല്പിച്ച് ഒരു പിറന്നാള്‍ ഉമ്മ കൊടുത്തു അച്ഛൻ ചെക്കന്... പാവം  എനിയ്ക്കും കുഞ്ഞിനും വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... ഹോസ്പിറ്റലില്‍ കിടന്ന സമയത്ത് സ്ത്രീകളുടെ വാർഡിൽ സന്ദര്‍ശന സമയം ഉണ്ടായിരുന്നു... രാവിലെ നേരത്തെ വന്നു ആ വരാന്തയില്‍ ഇരിക്കും... കരിക്കിന്‍ വെള്ളവും ജ്യൂസും കഞ്ഞിയും ഒക്കെ ആയിട്ട്  സന്ദര്‍ശന സമയത്ത്‌ കേറി വരും... എന്തേലും കഴിച്ചോന്ന് ചോദിച്ചാല്‍ ഉവ്വ് എന്ന് എന്നോട് കള്ളം പറയും...ആ സമയത്ത്‌ ജോലി കാര്യം കുറച്ച് പ്രശ്നത്തില്‍ ആയിരുന്നു.. അതോണ്ട് നാരങ്ങാ വെള്ളം കുടിച്ച് വിശപ്പ് മാറ്റും... കാശ്‌ മിച്ചം പിടിച്ചു  പെട്രോള്‍ അടിക്കാനും ആശുപത്രി ആവശ്യങ്ങള്‍കും മാറ്റി വെക്കും..
വൈകുന്നേരം വരെ ആശുപത്രിയില്‍ നിന്നിട്ട് തിരിച്ച് എന്റെ വീട്ടില്‍ വന്നു പുള്ളിടെ ഡ്രസ് ഒക്കെ കഴുകി ഇട്ട് കിടക്കും... 
                     ഒരിക്കൽ വാള് വെച്ച്  തൊണ്ട പൊട്ടി ചോര ശർദ്ധിച്ച അന്ന് എന്നെക്കാളും സങ്കടം അരുണ്‍ന്റെ മുഖത്തായിരുന്നു... അന്ന് എന്നെ വാരി എടുത്ത് 
നേരെ ഇരിഞ്ഞാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റല്‍  കൊണ്ട്‌ കാണിച്ചു... ഡ്യൂട്ടി ഡോക്ടര്‍ എന്താ  അസുഖം  എന്ന് ചോദിക്കും മുന്നേ തന്നെ അരുണ്‍ന്റെ കൈയ്യിലെ കുഞ്ഞു ബക്കറ്റിലേക്ക് വാള് വെച്ചതും എന്നെ അവിടെ അഡ്മിറ്റ് ചെയ്തു .. അങ്ങനെ അവിടെം കിടന്നു ഒരു 9 ദിവസം...
                            മൂന്ന് മാസം വരെ ശർദ്ധി ഒക്കെ കാണും മോളെ ... അത് കഴിഞ്ഞാല്‍ പിന്നെ ശെരി ആകും എന്നൊക്കെ പലരും പറഞ്ഞു.. അങ്ങനെ മാസം മൂന്നും.. ആറും.. ഒന്‍പതും ഒക്കെ കഴിഞ്ഞെങ്കിലും ശർദ്ധിക്ക് മാറ്റമൊന്നും ഉണ്ടായില്ല...പിന്നെ ഡോക്ടർ Emmeset എന്ന ഗുളിക കുറിച്ച് തന്നിരുന്നു എനിക്ക്....അത് 
കഴിച്ച ശേഷം അമ്മാമ്മ എനിക്ക് ഭക്ഷണം വാരി വായിൽ വെച്ച് തരും... അതു കഴിഞ്ഞ് മിണ്ടാതെ കണ്ണടച്ച് കിടക്കും ഞാന്‍... അല്ലെങ്കില്‍ അരുണ്‍ ഏതേലും പുസ്തകം വായിച്ചു തരും എനിക്ക്... ആ സമയത്ത്‌ ആണ് ഞാൻ ആതി, കര്‍ണ്ണന്‍, ഖസാക്കിന്റെ ഇതിഹാസം ഒക്കെ വായിച്ചത്...
                       നിന്റെ ഈ ശർദ്ധിയും ഭക്ഷണം കഴിക്കാതെ ഇരിക്കലും ഒക്കെ കാരണം കുഞ്ഞിന് തൂക്കം കുറവ്‌ വന്നാൽ ശെരി ആകില്ല എന്ന് ഡോക്ടര്‍ കടുപ്പിച്ച് പറഞ്ഞപ്പോ മുതല്‍ എങ്ങനെ എങ്കിലും ഒകെ എന്തെങ്കിലും കഴിക്കണം എന്ന വാശി ആയ്..പതിയെ പതിയെ അരുണ്‍ എന്നെ നിര്‍ബന്ധിച്ചു ഓരോന്ന് കഴിപ്പിക്കാൻ തുടങ്ങി... കുഞ്ഞാപ്പിക്ക് ഒരു കുഴപ്പം കൂടാതെ കിട്ടാണേന്ന് വിചാരിച്ച് ഞാനും കഴിക്കാൻ ശ്രമിച്ചു.ഓരോ സ്കാനിങ് കഴിയുമ്പോഴും കുഞ്ഞിന്റെ തൂക്കം അനുസരിച്ച് അത് ഇംപ്രൂവ് ആക്കാന്‍ വേണ്ട ഫുഡ് മാത്രം കഴിക്കാന്‍ നോക്കി... അങ്ങനെ സപ്തംബര്‍ മൂന്നിന് വരേണ്ട ഞങ്ങടെ കുഞ്ഞി പെണ്ണ് 2.850 തൂക്കം ഒക്കെ ആയിട്ട് ആഗസ്റ്റ് 29 ന് അച്ഛൻ ചെക്കനെ കാണാനിങ്ങ് പോന്നു.... 😍

Comments

Popular posts from this blog

കലാപ്പൂരം

നാം നടന്ന കാലം

അമ്മയോർമ്മകൾ