അമ്മ
ഒരു വര്‍ഷം എത്ര വേഗമാണമ്മേ കടന്ന് പോയത്... ചുമരില്‍ അച്ഛന്റടുത്ത് അമ്മയുടെ ഫോട്ടോ കൂടി ഇടം പിടിച്ചിട്ടും നിങ്ങളെന്നും കൂടെ ഉണ്ടന്ന വിശ്വാസമാണ് എനിക്ക് ധൈര്യം തരുന്നത്...കുഞ്ഞി പെണ്ണെന്നും അമ്മാമയുടെ മടിയില്‍ ഇരുന്ന് നിങ്ങളുടെ ഫോട്ടോ നോക്കി ചിരിക്കേം നിങ്ങളോട് കളി പറയേം ചെയ്യാറുണ്ട്...
നമ്മടെ കുഞ്ഞി പെണ്ണ് വന്ന ആ ദിവസം ലേബർ റൂമിലെ വേദനകളിലല്ലേ അമ്മയെ ഞാൻ ഈ അടുത്ത് കണ്ടത്... ആൺ കുഞ്ഞിനെ മാത്രം പ്രതീക്ഷിച്ചിരുന്ന എന്റെ മുന്നിലേക്ക് അന്ന് കുഞ്ഞി പെണ്ണ് ആദ്യമായി വന്നപ്പോഴും അമ്മയുടെ സാന്നിധ്യം ഞാൻ അറിയുന്നുണ്ടായിരുന്നു... തലേ ദിവസത്തെ വേദനകളിൽ ലേബർ റൂമിൽ എന്റെ കൈ മുറുക്കെ പിടിച്ചു അനിത അമ്മായിയും,, പുറത്ത് എനിക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥനയോടെ മേമയും നിന്നപ്പോ അവര്‍ക്കൊക്കെ അമ്മയുടെ മുഖമായിരുന്നു...
ഗർഭ കാലത്ത് എനിക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കൊണ്ട് വന്ന വിജയ വല്യമ്മയിലും അമ്മായിമാരിലുമെല്ലാം എന്റെ അമ്മ രുചികളുണ്ടായിരുന്നു... എൺപത്തി രണ്ട് വയസ്സിലും എന്നെയും കുഞ്ഞി പെണ്ണിനേയും മുറുക്കെ ചേര്‍ത്ത് പിടിക്കുന്ന അമ്മാമ്മയിലും അമ്മ സ്നേഹത്തിന്റെ ഊര്‍ജ്ജമുണ്ടിപ്പോഴും ...
നമ്മടെ കുഞ്ഞി പെണ്ണിൻ്റെ വിശേഷങ്ങള്‍ ചോദിച്ച് ആമിനത്തയും പ്രമിളേച്ചിയും ഹസീനത്തയും ചേട്ത്ത്യാരും ജീജ ചേച്ചിയും കുടുംബ ശ്രീ ചേച്ചിമാരുമൊക്കെ ഇപ്പോഴും വരാറുണ്ടമ്മേ...
അവര്‍ക്കൊക്കെ ഉഷേച്ചിയെ കുറിച്ച് പറയുമ്പോള്‍ വല്യ കാര്യമാണ്...രാത്രി ഉറക്കമിളച്ച് കുഞ്ഞി പെണ്ണിനെ കൊണ്ട് നടക്കാനും വയ്യായകളിൽ അവളെ ആശുപത്രിയിലേക്ക് കൊണ്ടോടാനുംമൊക്കെ മേമയും അനിത അമ്മായിയും മണി അമ്മായിയും അമ്മയെ പോലെ എനിക്ക് ഒപ്പം നില്ക്കുന്നുണ്ട്...
ഉഷേച്ചീടേം മോഹനേട്ടൻ്റേം മോളെന്ന് പറഞ്ഞ് പലരും എന്നെ അടയാളപ്പെടുത്തുമ്പോ വല്ലാത്ത അഭിമാനം തോന്നാറുണ്ട്...ഏത്
പ്രതിസന്ധിയിലും ധൈര്യത്തോടെ നിൽക്കാൻ അമ്മയെ പോലെ എന്നെ പഠിപ്പിച്ച മറ്റൊരാളുമില്ലെന്ന് എനിക്ക് നന്നായി അറിയാം....
ഇപ്പഴും മനസ്സൊന്നു പിടച്ചാലോ കണ്ണൊന്നു നിറഞ്ഞാലോ ഞങ്ങളെ ഇങ്ങനെ ചേര്‍ത്ത് പിടിച്ചു നിര്‍ത്തുന്ന കരുതലിൻ്റെ കരങ്ങളായി നിങ്ങളെന്നും ദേ ഇവിടുണ്ട്... 👨👩👧👦
Comments
Post a Comment