എൻറെ മഴ

എൻറെ മഴ
....................
               ഇനി എനിയ്ക്കെൻറെയാ മഴയിലേക്ക് തിരിച്ച് ചെല്ലണം...ഓട്ടപ്പുരയിൽ ഉറങ്ങാതെയിരുന്ന് ആ രാത്രി മഴകളെ വെറുതെ ശപിക്കണം...ഉറക്കച്ചടവോടെ എഴുന്നേറ്റിരുന്ന്, മടക്കിവെച്ച കിടക്കപ്പായയുടെ സ്ഥാനത്ത് അമ്മ നിരത്തിവെച്ച പാത്രങ്ങളിൽ മഴത്തുള്ളികൾ ഇറ്റിറ്റ് വീഴണതുംനോക്കിയിരിക്കണം...വീടോളം വളർന്നിട്ടുംഇടിവാളിൻറെ വെള്ളിവെളിച്ചം കാണുമ്പോഴേക്കും കാത്പൊത്തി കണ്ണുകളിറുക്കി അടച്ചിരിക്കണ ഒരാളുണ്ട് വീട്ടിൽ.അവനെ ചേർത്ത് പിടിച്ച് സ്നേഹമുള്ളൊരു ചേച്ചിക്കുട്ടിയാകണം.തണുപ്പത്ത് നടപ്പുരയിൽ കൂനിക്കൂടിയിരിക്കണ അമ്മാമ്മയ്ക്കൊപ്പമിരുന്ന് കുട്ടിക്കാലത്ത് ഞാൻ ചൊല്ലി ശീലിച്ച രാമനാമങ്ങളുരുവിടണം.
ഏറ്റവുമൊടുവിൽ,നട്ടപ്പാതിരായ്ക്ക് ഓടിൻറെ ചോർച്ചയടക്കാൻ ഓടിനടന്ന് വിയർത്തിരുന്ന അച്ഛൻറെ ഓർമ്മകളെ നോക്കി നിസംഗമായൊന്ന് ചോദിക്കണം...പെയ്തൊഴിയാത്തൊരു മഴക്കാലവും തന്നിട്ട് ഈ മഴയിൽ തനിച്ച് നനയാൻ പോയതെന്തിനെന്ന്..!

Comments

Popular posts from this blog

കലാപ്പൂരം

നാം നടന്ന കാലം

അമ്മയോർമ്മകൾ