ഫീച്ചർ
പ്ലാവുകൾ പറയും ജയൻറെ കഥ
----------------------------------------
പ്ലാവിനെ പ്രാണനു തുല്യം സ്നേഹിക്കുന്ന ഒരാളുടെ കഥയാണിത്.നാടുതോറും പ്ലാവ് നട്ട് ആ കല്പവൃക്ഷത്തിൻറെ ഗുണങ്ങളും നന്മകളും ജനങ്ങളിലേക്കെത്തിക്കാൻ നെട്ടോട്ടമോടുന്ന ജയൻ എന്ന പ്ലാവ്ജയൻറെ ജീവിത കഥക്ക് ചക്കപ്പഴത്തോളം തന്നെ മാധുര്യമുണ്ട്.
പ്ലാവുകളോടിണങ്ങി ചേർന്ന് കളിച്ചുനടന്നൊരു കുട്ടിക്കാലത്തിൻറെ ഓർമ്മ നമ്മളിൽ പലരും മറന്നുതുടങ്ങിയിടത്ത് നിന്നാണ് ജയൻ എന്ന ഈ ചെറുപ്പക്കാരൻറെ കഥയുടെ ആരംഭം.ജയൻ ഇന്ന് മലയാളിയുടെ ഗൃഹാതുരമായ പ്ലാവോർമ്മകളുടെ സംരക്ഷകനും പ്രചാരകനുമാണ്.കേരള സർക്കാരിൻറെ ഈ വർഷത്തെ ജൈവവൈവിധ്യ പുരസ്കാര ജേതാവുകൂടിയാണ് ഇദ്ദേഹം.
പതിനൊന്ന് വർഷത്തെ പ്രവാസ ജീവിതത്തോട് യാത്രപറഞ്ഞ് സ്വദേശമായ തൃശൂരിൽ തിരിച്ചെത്തിയ ജയൻ പതിനായിരകണക്കിന് പ്ലാവിൻ തൈകളാണ് അവിട്ടത്തൂരിലെ തൻറെ വീട്ടിലും പുറമ്പോക്ക് ഭൂമികളിലും വഴിയോരങ്ങളിലും സ്വകാര്യ ഭൂമികളിലുമൊക്കെയായി നട്ട്പിടിപ്പിച്ചിരിക്കുന്നത്.വ്യത്യസ്ത പ്ലാവിനങ്ങൾ എത്ര ദൂരത്തായാലും കഷ്ടപ്പാടുകൾ മറന്ന് അവ കണ്ടെത്തി കൊണ്ടു വരാൻ ഒരു മടിയുമില്ല ജയന്. പ്ലാവുകളോടുളള ഈ സ്നേഹത്തെ നാട്ടുകാർ പലരും ഭ്രാന്തായി കാണുമ്പോഴും ഭാര്യയും രണ്ടുമക്കളും നൽകുന്ന പൂർണ്ണ പിന്തുണയാണ് ജയൻറെ വിജയ കുതിപ്പിനാധാരം.
ഒരു കുഞ്ഞിനു നൽകുന്ന സ്നേഹവും ശ്രദ്ധയും നൽകിയാണ് തൻറെ പ്ലാവുകളോരോന്നിനെയും ജയൻ പരിപാലിക്കുന്നത്.ഗുണമേന്മയുളള വിത്തുകൾ ശേഖരിച്ച് ആരോഗ്യമുളള പ്ലാവിൻതൈകളെ ദീർഘകാലാടിസ്ഥാനത്തിൽ നട്ടുവളർത്താനാണ് ഇദ്ദേഹത്തിനിഷ്ടം.ഒരു ചെടിയുടെ സ്വാഭാവിക വളർച്ചയെ ചോദ്യം ചെയ്യാൻ മനുഷ്യന് അവകാശമില്ലെന്നാണ് ജയൻറെ പക്ഷം.അക്കാരണം കൊണ്ടുതന്നെ ഒട്ടു പ്ലാവ് കൃഷിരീതിയോട് വിയോജിപ്പുമുണ്ട്. നന്നായി പഴുത്ത്പാകമായ ചക്കപ്പഴത്തിൽ നിന്ന് ലഭിക്കുന്ന വിത്തു മുളപ്പിച്ചു തന്നെ തൈകളുണ്ടാക്കുന്നതാണ് ജയൻറെ രീതി.ഒരു ചക്കയിൽ 100 കുരുക്കളുണ്ടെങ്കിൽ അതിൽ ഏഴോ എട്ടോ മാത്രമേ വിത്തിനായി ഉപയോഗിക്കുകയുളൂ.ചുള പറിച്ച് കുരു പുറത്തെടുത്താൽ ആട്ടിൻകാട്ടവും മണലും ചാരവുമൊക്കെ ചേർത്ത് നടാനുളള വിത്ത് തയ്യാറാക്കും.നട്ട് ഒൻപതാം ദിവസം പ്ലാവിൻ കുഞ്ഞുങ്ങൾ ഇല വിരിക്കാൻ തുടങ്ങും.
വേനൽക്കാലത്താണ് തൈകളുണ്ടാക്കുന്നത്.അങ്ങനെ തയ്യാറാക്കിയ തൈകൾ മഴക്കാലത്ത് ചെറിയ കുഴികളിൽ നടും.പ്രത്യേകിച്ച് വളപ്രയോഗങ്ങളൊന്നും ആവശ്യമില്ല.ഒരു വേനൽ മാത്രം നനച്ചു കൊടുത്താൽ ആറു വർഷംകൊണ്ട് പ്ലാവ് കായ്ച്ച് തുടങ്ങും.
ഒരു പ്ലാവ് കണ്ടാൽ അതിൻറെ ഒരില കൈയ്യിലെടുത്താൽ ജയനറിയാം അതിൻറെ ഗുണഗണങ്ങൾ.മനുഷ്യൻറെ വിശപ്പു മുതൽ അർബുദങ്ങൾക്ക് വരെ അറുതി വരുത്താൻ പ്ലാവിനു കഴിയും.ജയൻറെ ഈ പ്ലാവുകൃഷി കാണാനും അടുത്തറിയാനും ഒരുപാട് പേർ വീട്ടിലെത്താറുണ്ട്. അവർക്കാവശ്യമായ പ്ലാവറിവുകളുംഅദ്ദേഹം പകർന്ന് കൊടുക്കാറുണ്ട്.പ്ലാവുകൾക്ക് പുറകിലൂടെ ഒരുപാട് അലഞ്ഞ് നേടിയ ഈ അറിവുകളെല്ലാം കോർത്തിണക്കി 'പ്ലാവ്' എന്ന പേരിലൊരു പുസ്തകവും ജയനെഴുതിയിട്ടുണ്ട്.അതിൻറെ നാലുപതിപ്പുകളോളം പ്രസിദ്ധീകരിക്കുകയും ചെയ്തു.സംസ്ഥാന സർക്കാരിൻറെ ജൈവവൈവിധ്യ പുരസ്കാരം,വനമിത്ര പുരസ്കാരം,ഡൽഹി സ്വാമിനാഥ ഫൗണ്ടേഷൻറെ ഹാൾ ഓഫ് ഫെയിം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇതിനോടകം ജയനെ തേടിയെത്തിയിട്ടുണ്ട്.
'പ്ലാവുഗ്രാമം' എന്ന സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിൻറെ പണിപ്പുരയിലാണ് ജയനിപ്പോൾ.നിളയുടെ തീരത്ത് ബഷീർ എന്ന പ്രകൃതി സ്നേഹി ഒരുക്കിയ 10 1/2 ഏക്കർ സ്ഥലമാണ് ഇതിനായി തെരഞ്ഞടുത്തിരിക്കുന്നത്.മൂന്ന് വർഷം മുൻപ് തരിശായി കിടന്ന ഈ ഭൂമിയെ ജയനും സംഘവും കൃഷിയോഗ്യമാക്കി മാറ്റുകയായിരുന്നു.ഞാറ്റുവേലകളിലാണ് പ്ലാവുഗ്രാമത്തിലെ നടീൽ പ്രവർത്തനങ്ങൾ നടത്തുന്നത്.ശ്രീലങ്കയിൽ നിന്നുളള പ്ലാവിനങ്ങളും നടാനായി ഇവിടെ ഒരുക്കി വച്ചിട്ടുണ്ട്.
പണത്തിനോ അംഗീകാരങ്ങൾക്കോ വേണ്ടിയല്ല,നാളെ താൻ ഈ ഭൂമിയിൽ ജീവിച്ചുമരിച്ചുവെന്നുളളതിന് ഒരടയാളവാക്യമായാണ് ജയൻ പ്ലാവുകളുടെ പ്രിയതോഴനായത്. സാമ്പത്തിക പരാധീനതകൾക്കു നടുവിലും ജയന് ഈ വൃക്ഷത്തോടു തോന്നിയിട്ടുളള സ്നേഹവും അതിനുവേണ്ടിയുളള അലച്ചിലും ഒരിക്കലും ഒരു നഷ്ടമായി തോന്നിയിട്ടില്ല.ചെലവഴിച്ചതിൽ കൂടുതൽ പൈസ തിരികെ കിട്ടണമെന്ന ലാഭക്കൊതിയുമില്ല.
വർഷങ്ങൾക്കപ്പുറം താൻ നട്ട ഈ പ്ലാവുകളെല്ലാം പൂത്ത് കായ്ച്ച് തേനൂറുന്ന ചക്കപ്പഴങ്ങൾക്ക് ജന്മം നൽകുമ്പോൾ അതിലൊരു കിളിയോ അണ്ണാറ കണ്ണനോ വന്ന് വിരുന്നുണ്ണണം.അപ്പോൾ അനുഭവിക്കുന്ന സന്തോഷവും സംതൃപ്തിയും ...അതാണ് ജയൻറെ അധ്വാനത്തിനു ലഭിക്കുന്ന യഥാർത്ഥ അംഗീകാരം.അങ്ങനെ വരാനിരിക്കുന്ന പുതുതലമുറകളോട് ഒരിക്കൽ ഈ പ്ലാവുകൾ പറയും ജയൻറെ കഥ.
Comments
Post a Comment