ഒരു പെരുന്നാൾ ഓർമ്മ

ഓർമ്മകളിൽ എൻറെ ആദ്യ ചെറിയ പെരുന്നാൾ റുബിതയ്ക്കും കുടുംബത്തിനുമൊപ്പമായിരുന്നു.വർഷങ്ങൾക്ക് മുൻപ് ഇങ്ങനെ ഒരു മഴക്കാലം. സൈക്കിളുമെടുത്ത് അവളുടെ വീടു തേടിയിറങ്ങി. മുൻപൊരിക്കൽ സെറീനയ്ക്കൊപ്പംആ വീട്ടിൽ പോയിട്ടുണ്ടെങ്കിലും വഴി കൃത്യമായറിയില്ല. അതൊക്കെ ചോദിച്ച് ചോദിച്ചങ്ങ് പോകാമെന്നുറച്ചു. ചാറ്റൽ മഴ വകവെയ്ക്കാതെ സൈക്കിൾ ആഞ്ഞു ചവിട്ടി .കേട്ടറിവ് മാത്രമുള്ള പെരുന്നാൾ ചിന്തകളായിരുന്നുഎൻറെ മനസുനിറയെ. ഒടുക്കം എനിയ്ക്കു തെറ്റിയില്ല, ദാ വീടിൻ്റെ ഉമ്മറത്ത് റുബിയുംഅനിയത്തിമണിക്കുട്ടിയും നിൽക്കുന്നു. എന്നെ കണ്ട് അവരൊന്നു ഞെട്ടി കാണണം. മറ്റൊന്നും കൊണ്ടല്ലാ, എൻ്റെ ഉള്ളിലെഅപകർഷതാബോധം കൊണ്ടാകണം കൂട്ടുകാരുടെയൊന്നും വീടുകളിൽ പോകുന്ന പതിവ് അന്നെനിയ്ക്കുണ്ടായിരുന്നില്ല. അത് അവർക്കറിയാം. സാക്ഷാൽ ആ ഞാനാണ് ഇപ്പോൾ അവർക്ക് മുന്നിൽ ഈ നിൽക്കുന്നത്.നിറപുഞ്ചിരിയോടെഅവരെന്നെ അകത്തേക്ക് ക്ഷണിച്ചു.വീടു നിറച്ചും ആളുകൾ. കുഞ്ഞുമ്മമാർ, ഇത്തമാർ ,വല്ല്യുമ്മ, അവരുടെയൊക്കെ മക്കൾ...അങ്ങനെ... അങ്ങനെ... ആകെ ബഹളമയം. അവർക്കിടയിൽ അവരിൽ ഒരാളായി ഞാനും.എന്നെ കണ്ടപാടെ ഉമ്മച്ചി അടുക്കളയിൽ നിന്നു വന്ന് വിശേഷങ്ങൾ ചോദിച്ചു.'ബാപ്പയും ഇക്കമാരുംമെല്ലാം പള്ളീല് പോയിരിക്കാണ് മോളെ,ഇപ്പൊ വരുംട്ടാ' എന്നും പറഞ്ഞു.പിന്നെ കുറെ നേരം മണിക്കുട്ടിയോടുകിന്നാരം പറഞ്ഞിരുന്നു. പളളിയിൽ പോയവർ തിരിച്ചെത്തി.റുബി അവരെയെല്ലാം എനിയ്ക്കു പരിചയപ്പെടുത്തി. അടുക്കളയിൽ ഊണിനുളള ഒരുക്കങ്ങൾ ഏതാണ്ട് കഴിഞ്ഞു.ചുറ്റിനും ചൂടൂളള നല്ല ബിരിയാണി മണം പരന്നു.അന്ന വിചാരം മുന്നേ വിചാരം എന്നാണല്ലോ,എൻറെവിശപ്പുണർന്നു.ഒരു മുഴുവൻ വാഴയിലയിൽ ഉമ്മച്ചി ഞങ്ങൾക്ക് ബിരിയാണി വിളമ്പി. ആ ഒരിലയിൽ നിന്ന് ഞങ്ങൾ ഒരുമിച്ചുണ്ടു-ജാതി,മത,ലിംഗ,വർണ്ണ ഭേദങ്ങളൊന്നുമില്ലാതെ...വയറും മനസ്സും നിറയെ.....ഓർമ്മയിൽ നിറമ്മുളള ഒരു പെരുന്നാൾ അതായിരുന്നു....

Comments

Popular posts from this blog

കലാപ്പൂരം

നാം നടന്ന കാലം

അമ്മയോർമ്മകൾ